കോഴിക്കോട്: വെെക്കം മുഹമ്മദ് ബഷീർ റോഡിലെ ഫൂട്ട്പാത്തിലൂടെ നടക്കുമ്പോൾ താഴെ നോക്കി ശ്രദ്ധിച്ചു നടന്നോണം. ഇല്ലെങ്കിൽ കുഴിയിൽ വീണ് പണി കിട്ടും. റോഡിലെ ഡ്രെയിനേജ് സ്ലാബുകൾ പകുതിയും തകർന്ന് കാൽ നടയാത്രക്കാർക്ക് ഭീക്ഷണിയായി മാറിയിരിക്കുകയാണ്. 200 മീറ്ററിൽ പലയിടങ്ങളിലും സ്ളാബുകൾ പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. കഴിഞ്ഞ ആഴ്ചയാണ് സഹിക്കെട്ട് ഒരു കടയുടമ കടയിലേയ്ക്ക് കയറുന്ന ഭാഗത്തെ ഓട പുതിയ കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് അടച്ചത്. എന്നാൽ ദിവസങ്ങൾകൊണ്ട് ത്തന്നെ പൊട്ടിപൊളിയുകയും ചെയ്തു. സ്ലാബ് ഉണ്ടെങ്കിലും ചവിട്ടിയാൽ പൊളിഞ്ഞ് താഴേയ്ക്ക് പോകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സ്ലാബുണ്ടെന്ന് കരുതി ആളുകൾ ചവിട്ടാനും വീഴാനുമുള്ള സാദ്ധ്യത കൂടുതലാണ്.
മിഠായിതെരുവിലേയ്ക്ക് വരുന്ന ജനങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്ത് നടന്ന് പോകുന്നത് ഈ വഴിയാണ്. രാത്രിയായാൽ ഇവിടെ നല്ല തിരക്കാണ്. കണ്ണ് ഒന്ന് തെറ്റിയാൽ ഓടയിൽ വീഴുമെന്നുറപ്പാണ്. ഇവിടെയുള്ള പെയ്ഡ് പാർക്കിംഗ് ഭാഗത്തേയ്ക്ക് കയറുന്നിടത്തും സ്ലാബുകൾ തകർന്നിരിക്കുന്നത് കൊണ്ട് വളരെ സൂക്ഷിച്ച് വേണം വണ്ടികൾ പോകാൻ. തുറന്ന് കിടക്കുന്ന ഡ്രെയിനേജ് ഉയർത്തുന്ന അപകടസാദ്ധ്യതയെ പറ്റി പലത്തവണ റിപ്പോർട്ട് ചെയ്തിട്ടും അധികാരികൾ കണ്ടഭാവം നടക്കുന്നില്ല.