കൽപ്പറ്റ: കാമ്പസ് പ്ലേസ്‌മെന്റിൽ മികച്ച നേട്ടവുമായി മാനന്തവാടി ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾ. ഇലക്ട്രോണിക്സ് വിഭാഗത്തിലെ 8 പേർ ഓഫർ ലെറ്റർ സ്വീകരിച്ചതായി പ്രിൻസിപ്പൽ ഡോ. കെ.അബ്ദുൾ സലാം അറിയിച്ചു. മൾട്ടിനാഷണൽ കമ്പനികളായ വിപ്രോ, ഇൻഫോസിസ് അടക്കമുള്ള മുൻനിര സ്ഥാപനങ്ങളിലും മറ്റ് ഇലക്ട്രോണിക്സ് കമ്പനികളിലും എഞ്ചിനീയറിംഗ് പോസ്റ്റുകളിലാണ് വിദ്യാർത്ഥികൾ ഇടം നേടിയത്. ലോക്ക്‌ഡൌൺ കാലത്ത് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്ലേസ്‌മെന്റ് ട്രെയിനിംഗ് ക്ലാസ്സുകൾ നേട്ടത്തിൽ പിന്തുണയായതായി പ്രിൻസിപ്പൽ പറഞ്ഞു. റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ കോളേജ് കംപ്യൂട്ടർ ലാബിൽ സൗകര്യം ഏർപ്പെടുത്തിയിരുന്നു.
നിലവിൽ ബി.എസ്.സി ഇലക്ട്രോണിക്സ്, എം.എസ്.സി ഇലക്ട്രോണിക്സ് കോഴ്സുകളാണ് ഡിപ്പാർട്ട്‌മെന്റിൽ നടക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ആരംഭിച്ച എം.എസ്.സി ഇലക്ട്രോണിക്സ് കോഴ്സിൽ നിന്നാണ് ജോലി നേടിയവരിൽ എറിയ പങ്കും. ഈ വർഷത്തെ ദേശീയ പ്രവേശന പരീക്ഷയായ കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റിൽ മൂന്നും അഞ്ചും റാങ്കുകൾ നേടിയതും കോളേജിലെ ബി.എസ്.സി ഇലക്‌ട്രോണിക്സ് വിദ്യാർത്ഥികളാണ്.