കൽപ്പറ്റ: 12 മുതൽ 14 വരെ പ്രായമുള്ളവർക്കുളള കൊവിഡ് പ്രതിരോധ വാക്സിനേഷൻ ജില്ലയിൽ തുടങ്ങി. പുതുതായി വികസിപ്പിച്ച കോർബിവാക്സ് വാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന കുത്തിപ്പിൽ 192 പേർ വാക്സിൻ സ്വീകരിച്ചു.
15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഏകദേശം പൂർത്തിയായ സാഹചര്യത്തിലാണ് 15 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്. വാക്സിൻ സ്വീകരിക്കാൻ വരുന്നവർ 12 വയസ്സ് പൂർത്തിയായവരും 15 വയസ്സിൽ താഴെയുള്ളവരുമായിരിക്കണം. നിലവിൽ ജില്ലയിൽ ഈ പ്രായപരിധിയിൽ ഉൾപ്പെടുന്ന 35751 പേരാണ് വാക്സിൻ സ്വീകരിക്കാനുള്ളത്.
ജില്ലയിലെ മിക്ക സർക്കാർ ആശുപത്രികളിലും മാർച്ച് 18 മുതൽ കുട്ടികൾക്കുള്ള വാക്സിനേഷൻ ലഭ്യമാകും .ഇതിന് പുറമെ ആരോഗ്യ സ്ഥാപനങ്ങളിൽ വച്ച് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് നൽകി വരുന്നതായും രണ്ടു വിഭാഗത്തിലും പെട്ട മുഴുവൻ ആളുകളും വാക്സിൻ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അഭ്യർത്ഥിച്ചു.
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷിബു വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ മുഖ്യാതിഥിയായി. ഡോ. ഹസ്ന സെയ്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഡി.പി.എച്ച് എൻ. സൗമിനി ചിത്രകുമാർ, സ്റ്റാഫ് നഴ്സ് ബിന്ദുമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാബി, റിൻസി സെബാസ്റ്റ്യൻ, എസ്.ലിനു, പി.സിഫാനത്ത്, എം.മഞ്ജുഷ, ദിവ്യ, ഡോക്ടേഴ്സ് ഫോർ യു സംഘടനാ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു.