മുക്കം: വട്ടോളിപറമ്പ് വട്ടോളി ദേവീ ക്ഷേത്രത്തിലെ പാട്ടുത്സവം 20, 21 തിയതികളിലായി നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂജാദികർമ്മങ്ങൾക്ക് തന്ത്രി പാതിരിശേരി മിഥുൻ നമ്പൂതിരിപ്പാടും, മേൽശാന്തി താമരക്കുളം ധനേഷ് നമ്പൂതിരിയും, ശാന്തി ബംഗ്ലാവിൽ ശങ്കരനുണ്ണി നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും.രണ്ട് ദിവസങ്ങളിലും വിശേഷാൽ പൂജകളും ക്ഷേത്ര തിരുമുറ്റത്ത് പറവെപ്പും നടക്കും. തുടർന്ന് ഉച്ചപ്പാട്ടിന് എഴുന്നള്ളത്തും തോറ്റംപാട്ടും ഉണ്ടാകും.വൈകിട്ട് ഏഴിന് തായമ്പകയും നടക്കും. രാത്രി എട്ടരക്ക് ദേവി ക്ഷേത്രനടക്ക് താഴെ ആൽച്ചുവട്ടിലേക്ക് മുല്ലക്കൽ പാട്ടിന് എഴുന്നള്ളും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുത്തും നടക്കും. ഇടക്കപ്രദക്ഷിണം, കൊട്ടിപ്പാടി സേവ, ഈടും കൂറും, നൃത്തം, കളപ്രദക്ഷിണം, കളംപൂജ, കളം മായ്ക്കൽ എന്നിവയും നടക്കും.ഇത് രണ്ട് ദിവസങ്ങളിലും ആവർത്തിക്കും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വിവിധ ദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള വരവാഘോഷവും, പ്രസാദ ഊട്ടും, ഗജവീരനോടെയുള്ള എഴുന്നള്ളത്തും ഒഴിവാക്കിയതായും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ഉത്സവ കമ്മിറ്റി ജനറൽ സെക്രട്ടറി എരഞ്ഞിക്കൽ രാജൻ, ട്രസ്റ്റി ചെയർമാൻ കാതോട്ട് മനോജ് എന്നിവർ സംബന്ധിച്ചു.