 
കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തമിഴ്നാട് സ്വദേശി മുരുകൻ, കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് ( സൊറോണി മജീദ് ) എന്നിവരാണ് അറസ്റ്റിലായത്. പൂളാടിക്കുന്ന് ജംഗ്ഷന് സമീപത്ത് വെച്ച് ഡൻസാഫും എലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കുടുങ്ങുകയായിരുന്നു ഇരുവരും. കൊയിലാണ്ടിയിലേക്ക് ഓട്ടോറിക്ഷയിൽ പോകവെയാണ് അറസ്റ്റ്.
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് മജീദ്. ആന്ധ്രയിൽ നിന്നുംർ ലഹരിക്കടത്തുകാർ തമിഴ്നാട്ടിലെ കാട്പാടിയിലെത്തിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്ന് സംഘത്തിൽപെട്ട പ്രധാനിയാണ് മുരുകൻ. ആന്ധ്രയിലെ രാജമുദ്രിയിലും ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും കൃഷി ചെയ്യുന്ന കഞ്ചാവ് കിലോഗ്രാമിന് ആയിരം രൂപയ്ക്ക് വാങ്ങി കേരളത്തിൽ 32,000 രൂപയ്ക്കാണ് വിൽപന നടത്തുന്നത്.
എലത്തൂർ പൊലീസ് ഇൻസ്പെക്ടർ സായൂജ്, എസ്.ഐമാരായ രാജീവ്, സന്ദീപ് എ.എസ്.ഐമാരായ പ്രകാശൻ സുരേഷ് ഡൻസാഫ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയിടത്ത്, സി.പി.ഒ സിനോജ് , ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.