പേരാമ്പ്ര :കിഴക്കൻ ഗ്രാമമേഖലകളിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മലയോരത്തെ പലസ്ഥലങ്ങളിലും ലഹരി മാഫിയ കയ്യടക്കുന്നതായി പരാതിയുണ്ട് . കടിയങ്ങാട് പാലം മേഖല, പന്തിരിക്കര, പള്ളിക്കുന്ന് പ്രദേശങ്ങളിൽ മദ്യം, മയക്ക് മരുന്ന് ഉപയോഗവും വിൽപ്പനയും വർദ്ധിച്ചതായി പരാതി ഉയരുന്നുണ്ട്. ഇവിടങ്ങളിൽ നടന്ന പല മോഷണങ്ങൾക്കും ഇതുവരെ തുമ്പുണ്ടായില്ലെന്ന് ആക്ഷേപവുണ്ട്.അതിനിടെ ഒരാഴ്ച മുമ്പ് പന്തിരിക്കര പള്ളികുന്ന് പ്രകാശ് അയേൺ വർക്സ് തൊഴിൽ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സി.സി.ടി.വി. കാമറകളിലൊന്ന് തകർക്കുകയും മറ്റൊന്ന് മോഷണം പോയ സംഭവം ഉണ്ടായി. ഇതിന്മേൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടയിൽ രണ്ട് ദിവസം മുമ്പ് സ്ഥാപനത്തിന്റെ മുപ്പതു മീറ്റർ അകലെ ആൾ താമസമില്ലാത്ത പറമ്പിൽ നിന്നും മോഷണം പോയ കാമറകൾ തൊഴിലാളികൾ കണ്ടെത്തിയിരുന്നു.

രാത്രിയിലും പകൽ സമയങ്ങളിലും അപരിചിതരായ ആൾക്കാർ ബൈക്കിലും മറ്റു വാഹനങ്ങളിലും ഈ പ്രദേശത്ത് കറങ്ങി നടക്കുന്നതായി പരിസരവാസികൾ പറയുന്നു. ഭയം കാരണം പല ദിവസങ്ങളിലും വിട് മാറി താമസിക്കേണ്ടി വന്നിട്ടുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ഇത്തരം പ്രദേശങ്ങളിൽ അടിയന്തരമായി നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും രാത്രിയിൽ പട്രോളിംഗ് ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.