കൽപ്പറ്റ: സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ പരീക്ഷാ വിജയികൾക്കുള്ള ജില്ലാതല സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.ഐ.ഷാജു മുഖ്യാതിഥിയായിരുന്നു.

ഡിസംബറിൽ നടന്ന പരീക്ഷയിൽ 12633 പേരാണ് വിജയിച്ചിരുന്നത്. 97.49 ശതമാനമാണ് വിജയം. 919 ആദിവാസി ഊരുകളിലാണ് പരീക്ഷ നടന്നത്. പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി പ്ലാന്റേഷനിൽ നിന്ന് 85 വയസ്സുള്ള ചിപ്പിയമ്മയാണ് വിജയിച്ചവരിൽ ഏറ്റവും പ്രായം കൂടിയ പഠിതാവ്.

മുതിർന്ന പഠിതാവ് ചിപ്പിയമ്മയെ സംഷാദ് മരയ്ക്കാർ ആദരിച്ചു. മുതിർന്ന പ്രേരക്മാരായ ശ്യാമള, കെ.മുരളീധരൻ എ.ബെജു ഐസക് ബിന്ദു കുമാരി എന്നിവരെ സാക്ഷരതാ മിഷൻ ഡയറക്ടർ എച്ച്. സാബു ആദരിച്ചു. ഏറ്റവും കൂടുതൽ പേരെ ആദിവാസി സാക്ഷരതാ പരീക്ഷയ്ക്ക് ഇരുത്തിയ പഞ്ചായത്തിനുളള പുരസ്‌ക്കാരം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് ഏറ്റുവാങ്ങി.

സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.എച്ച് സാബു മുഖ്യ പ്രഭാഷകനായി. എം.എൽ.എ ടി.സിദ്ദിഖ്, ഓൺലൈൻ സന്ദേശം നൽകി. ഒ.ആർ കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജുനൈദ് കൈപ്പാണി, സാക്ഷരതാ മിഷൻ ഫിനാൻസ് ഓഫീസർ എസ്. അജിത് കുമാർ , സാക്ഷരതാ മിഷൻ അസി.ഡയറക്ടർ സന്ദീപ് ചന്ദ്രൻ, ജില്ലാ കോഡിനേറ്റർ സ്വയ നാസർ, തുടങ്ങിയവർ സംസാരിച്ചു. വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഒ.ആർ കേളു എംഎൽഎ നിർവ്വഹിച്ചു.


സൗര തേജസ്
സ്‌പോട്ട് രജിസ്‌ട്രേഷൻ

കൽപ്പറ്റ: ഗാർഹിക ഗുണഭോക്താക്കൾക്കായി സൗര തേജസ്സ് പദ്ധതിയിൽ വീടുകളിൽ ഓൺഗ്രിഡ് സൗരവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പുകൾ നടത്തുന്നു. 2,3 കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും മൂന്നു മുതൽ 10 വരെ കിലോവാട്ടിന് 20 ശതമാനം സബ്സിഡിയും ലഭിക്കും. അനെർട്ട് ജില്ലാ ഓഫീസ് (കൽപ്പറ്റ), മീനങ്ങാടി സയൻസ് ആൻഡ് ടെക്‌നോളജി എഡ്യൂകേഷൻ ആൻഡ് റിസർച്ച് സെന്റർ, കാവുമന്ദം, മീനങ്ങാടി ഊർജ്ജമിത്ര ഓഫീസ് എന്നിവിടങ്ങളിൽ രജിസ്‌ട്രേഷൻ നടക്കും. ആധാർകാർഡ്. വൈദ്യുതി ബില്ലിന്റെ പകർപ്പ്, അഡ്വാൻസ് തുക 1200 എന്നിവ സഹിതം ക്യാമ്പുകളിൽ നിന്നോ www.buymysun.comF വെബ്‌സൈറ്റ് വഴിയോ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അനെർട്ട് ജില്ലാ ഓഫീസ് (കൽപ്പറ്റ) 04936206216, 9188119412, മീനങ്ങാടി 9946309151, ഊർജ്ജ് മിത്ര മീനങ്ങാടി 95676911119, ഊർജ്ജ മിത്ര കാവുമന്ദം 9497754848.