സുൽത്താൻ ബത്തേരി: ലീഗൽ മെട്രോളജി വകുപ്പിന്റെ വർക്കിംഗ് സ്റ്റാൻഡേർഡ് ലബോറട്ടറികളുടെയും ഓഫീസ് സമുച്ചയത്തിന്റെയും ശിലാസ്ഥാപനം പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.

രണ്ട് കോടി രൂപ ചെലവിലാണ് കുപ്പാടി വില്ലേജിൽ ഓഫീസ് സമുച്ചയം ഒരുങ്ങുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. നാല് വർക്കിംഗ് സ്റ്റാൻഡേർഡ് ലബോറട്ടറികളും ജില്ലാ ആസ്ഥാന ഓഫീസും സീഷർ റൂം, വെരിഫിക്കേഷൻ ഏരിയ, അനുബന്ധ ഓഫീസുകൾ എന്നിവയും ഇരു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിലുണ്ടാകും. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും.

കേരളം വിവിധ ഉൽപന്നങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്താൻ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഒരു വിഭാഗം വ്യാപാരികളുടെ അനഭിലഷണീയമായ പ്രവൃത്തികൾ മൂലം ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ജാഗ്രത ക്യാമ്പയിനിലൂടെ സംസ്ഥാനത്താകെ 50000 സ്ഥാപനങ്ങളിൽ പരിശോധന നടത്തും. പെട്രോൾ വിതരണ ബങ്കുകൾ കേന്ദ്രീകരിച്ച് ക്ഷമത എന്ന പേരിലും പരിശോധന നടത്തും. സംസ്ഥാനത്താകെ 1000 പമ്പുകളിൽ പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ബിൽ നൽകാതിരിക്കുക, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പ് വരുത്താതിരിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ശിക്ഷണ നടപടികൾ സ്വീകരിക്കാതെ പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. നോട്ടീസ് ലഭിച്ച വ്യാപാരികൾ നിശ്ചിത സമയത്തിനകം പോരായ്മകൾ പരിഹരിച്ച് അധികാരികളെ വിവരം അറിയിക്കണം. അല്ലാത്ത പക്ഷം പിഴ ഈടാക്കുന്നതടക്കമുളള നിയമ നടപടികൾ സ്വീകരിക്കും.

ചടങ്ങിൽ ഐ.സി.ബാലകൃഷണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധി എം.പി ആശംസ സന്ദേശം നൽകി. നഗരസഭാ ചെയർമാൻ ടി.കെ.രമേശ്, ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ കെ.ടി.വർഗ്ഗീസ് പണിക്കർ, ജോ.കൺട്രോളർ കെ.സി.ചാന്ദ്നി, ഡെപ്യൂട്ടി കൺട്രോളർ രാജേഷ് സാം, വാർഡ് കൗൺസിലർ ലിഷ, പി.ആർ.ജയപ്രകാശ്, സതീഷ് പൂതിക്കാട്, പി.പി.അയൂബ്, എൻ.ടി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.