കോഴിക്കോട്: കൊവിഡ് പ്രതിസന്ധി അയഞ്ഞു തുടങ്ങിയതോടെ കോർപ്പറേഷൻ ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് കോഴിക്കോട് നഗരം. കൊവിഡ് വ്യാപന കാലത്ത് മാറ്റിവെച്ചതും നിലച്ചതുമായ പദ്ധതികൾക്ക് ജീവൻവയ്ക്കുന്നതും കാത്തിരിക്കുകയാണ് നഗരവാസികൾ.
ശുചിത്വ പ്രോട്ടോകോളിനും തൊഴിൽ ദാനപദ്ധതിയ്ക്കും തുടക്കം കുറിയ്ക്കാൻ കോർപ്പറേഷന് കഴിഞ്ഞെങ്കിലും ഏറെ പ്രതീക്ഷയോടെ നടപ്പാക്കാനിറങ്ങിയ മലിനജല സംസ്കരണ പ്ലാന്റുകൾ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വഴിമുട്ടി നിൽക്കുകയാണ്.
അതെസമയം പ്രതിസന്ധി കാലത്തും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാനായെന്ന വിലയിരുത്തലാണ് ഭരണസമിതിയ്ക്കുള്ളത്. കൊവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചതായി ഭരണപക്ഷം അവകാശപ്പെടുന്നു. കവചം 2021 എന്ന പേരിൽ വാക്സിനേഷൻ, ടെലിമെഡിസിൻ, പി.പി.ഇ. കിറ്റുകളടക്കമുളള ഉപകരണങ്ങൾ ആംബുലൻസ്, മറ്റ് വാഹനങ്ങൾ, നൂറുകണക്കിന് ആർ.ആർ.ടി. വോളണ്ടിയർമാർ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മകൾ, രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടലുകൾ എല്ലാം കൂട്ടിയോജിപ്പിച്ച് നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിഞ്ഞു. റവന്യു പിരിവിൽ കോർപ്പറേഷൻ ഒന്നാം സ്ഥാനത്താണ്. സ്വരാജ് ട്രോഫി പുരസ്കാരം കോർപ്പറേഷനെ തേടിയെത്തി. ശുചിത്വ പ്രോട്ടോകോളിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നേറുന്നു. 5000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ആരംഭിക്കാനായി. വാഹന പാർക്കിംഗിനായ റോഡുകളിൽ പൊലീസുമായി സഹകരിച്ച് സംവിധാനം ഒരുക്കി. പാർക്കിംഗ് പ്ലാസയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അമൃത് പദ്ധതിയിലുൾപ്പെടുത്തി ഓവുചാലുകളുടെ നിർമാണം പൂർത്തിയാക്കി. പി.എം.എ.വൈ ലൈഫ് പദ്ധതിയുടെ പത്താംഘട്ടത്തിലേക്ക് കടന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ പ്രധാന പ്രവർത്തനമായ കല്ലായി പുഴ നവീകരണവും മിഷൻ ബ്രഹ്മപുത്ര എന്ന പേരിൽ വകുപ്പുകളെ ഏകോപിപ്പിച്ച് ഓവുചാൽ വൃത്തിയാക്കലും സർവേയും ആരംഭിച്ചു. മാവൂർ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പി.ഡബ്ല്യു.ഡിയുമായി ചേർന്ന് അരയിടത്തുപാലത്ത് പുതിയ ഓവുചാൽ നിർമാണത്തിനുള്ള നടപടി പൂർത്തിയായി വരുന്നു.
വലിയങ്ങാടി മേലാപ്പ് സൗന്ദര്യവത്ക്കരിക്കുന്നതിനുളള നടപടി ആരംഭിച്ചു. 3 എം.സി.എഫുകൾ പ്രവൃത്തി പൂർത്തീകരിച്ചു. വിപുലമായ നെല്ലിക്കോട് എം.സി.എഫ് പൂർത്തിയായി വരുന്നു. മാങ്കാവ് വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. ഷീ ലോഡ്ജ് ഈ മാസം പൂർത്തിയാകും. കോവൂർ കമ്മ്യൂണിറ്റി ഹാൾ, കണ്ടംകുളം ജൂബിലി ഹാൾ എന്നിവയുടെ പ്രവൃത്തിയും പൂർത്തീകരണ ഘട്ടത്തിലാണ്.
എന്നാൽ ഒന്നും നടക്കാത്ത വർഷമാണ് കടന്നുപോയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വികസന രംഗത്ത് ശൂന്യതയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് കോർപ്പറേഷൻ അഭിമുഖീകരിക്കുന്നത്. മിഠായിത്തെരുവ് യാത്ര സൗകര്യം, പാർക്കിംഗ് പ്ലാസകൾ, ഞെളിയൻപറമ്പ് മാലിന്യ പ്രശ്നം, മഹിളാ മാൾ, ലോറി പാർക്കിംഗ്, ഡി.പി.ടി പരിഷ്കരണം, നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കൽ, പുതിയബസ് സ്റ്റാൻഡ് നവീകരണം എന്നിങ്ങനെ കൗൺസിലിന് മുന്നിൽ നിരന്തരം ഉന്നയിച്ച പല വിഷയങ്ങളിലും പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.