madhumaster
കോഴിക്കോട് ആർട് ഗാലറിയിൽ ചേർന്ന അനുശോചന യോഗത്തിൽ ചലച്ചിത്ര നടൻ ഹരീഷ് പേരടി സംസാരിക്കുന്നു.

കോഴിക്കോട്: നാടക പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനമാണെന്ന് പ്രഖ്യാപിച്ച അരങ്ങിലെ പോരാളി മധു മാസ്റ്റർക്ക് നാടിന്റെ അന്ത്യാഭിവാദ്യം. മധു മാസ്റ്ററുടെ നാടക ജീവിതത്തിനും പോരാട്ടങ്ങൾക്കും സാക്ഷിയായ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ചേളന്നൂരിലെ വീട്ടിലും സംസ്‌കാരം നടത്തിയ മാവൂർ റോഡ് ശ്മശാനത്തിലും പ്രിയ സഖാവിനെ കാണാൻ ജനപ്രവാഹമായിരുന്നു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മുൻ എം.എൽ.എ എ.പ്രദീപ് കുമാർ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, മുൻ മേയർ ടി.പി.ദാസൻ, ചലച്ചിത്ര നടൻ ജോയ് മാത്യു, ഗ്രോ വാസു, കെ.അജിത, സിവിക് ചന്ദ്രൻ, ഹരീഷ് പേരടി, വിജയൻ കാരന്തൂർ, അപ്പുണ്ണി ശശി, ബാബു പറശ്ശേരി, സുനിൽ അശോകപുരം , പ്രശോഭ് കോട്ടുളി, സുവീരൻ, പി.കിഷൻചന്ദ്, തോമസ് മാത്യു, ഒ.രാജഗോപാൽ, എം.രാജൻ, വിൻസെന്റ് സാമുവൽ, പി.എം.ശ്യാമപ്രസാദ്, ടി.എം.സുരേഷ് ബാബു തുടങ്ങിയവർ ​അന്ത്യോപചാ​ര​മ​ർ​പ്പി​ച്ചു.

ആർട് ഗാലറി പരിസരത്ത് കോഴിക്കോടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. നാടക പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനമാണെന്ന് മലയാള നാടകവേദിയെ പഠിപ്പിച്ച പ്രതിഭാധനനായിരുന്നു മധു മാസ്റ്ററെന്ന് ജോയ് മാത്യു അനുസ്മരിച്ചു. അരാജകവാദിയായ രാഷ്ട്രീയ തത്ത്വചിന്തകനായിരുന്നു മധു മാസ്റ്ററെന്ന് ഗ്രോ വാസു പറഞ്ഞു. എഡിറ്റ് ചെയ്യാത്ത ജീവിതം നയിച്ച മധു മാസ്റ്റർ കേരളീയ സാംസ്‌കാരിക-നാടക ലോകത്തിന് വലിയ നഷ്ടമാണെന്ന് നടൻ ഹരീഷ് പേരടി പറഞ്ഞു. സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, മുൻ എം.എൽ.എ എ.പ്രദീപ് കുമാർ, എം.രാജൻ, എ.രത്‌നാകരൻ, കെ.സി.അബു തുടങ്ങിയവരും സംസാരിച്ചു.