4
ബസ്

ചേളന്നൂർ: ചേളന്നൂർ പട്ടർപാലം അന്നശ്ശേരി എടക്കര ഭാഗത്ത് നിന്ന് കോഴിക്കോട് റൂട്ടിലോടുന്ന 11 ബസുകളാണ് ഇന്നലെ സർവീസ് നടത്താതത്. ഇതോടെ വിദ്യാർത്ഥികളും നൂറുകണക്കിന് സ്ത്രീകളും ദുരിതത്തിലായി. ഇന്നലെ മാത്രമല്ല മിക്ക ഞായാറാഴ്ചകളിലും ബസുകൾ സർവീസ് നടത്താറില്ല. ടുഷ്യന് പോകുന്ന വിദ്യാർത്ഥികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. ലോക് ഡൗണിന് ശേഷമാണ് ബസുകൾ സർവീസ് മുടക്കുന്നത്. പുതിയിടത്ത് താഴം, ചിറക്കുഴി ഇച്ചന്നൂർ പുനത്തിൽ താഴംപട്ടർ പാലം ഭാഗത്തേക്കുള്ള ബസുകളാണ് സർവീസ് മുടക്കിയത്. ഈ ഭാഗത്തേക്ക് വിവാഹം, മരണം തുടങ്ങി മറ്റ് ആവശ്യങ്ങൾക്ക് വരുന്നവരും ദുരിതത്തിലാവുകയാണ്. ഞായാറാഴ്ച ഓട്ടോകളും കിട്ടാത്ത സ്ഥിതിയാണ്. നരിക്കുനി കപ്പാട് ഭാഗത്തേക്കുള്ള ബസ് മാത്രമാണ് ഞായറഴ്ചകളിൽ സേവനം നടത്തുന്നതെന്നും മറ്റു പ്രദേശത്തുകാർ ഉടമസ്ഥതരും തൊഴിലാളികളുമായ ബസുകൾ ട്രിപ്പു മുടക്കുന്നതു സാധാരണക്കാരെ വളരെയധികം വിഷമത്തിലാക്കുകയാണ്. മറ്റു ദിവസങ്ങളിൽ റിട്ടേൺ വരുന്ന ഓട്ടോകളിൽ യാത്രക്കാർ കയറുമ്പോൾ ബസ് ജീവനക്കാർ സംഘടിതമായി തടയാൻ ശ്രമിക്കുന്നതും വാക്ക് തർക്കവും ഈ റൂട്ടിൽ പതിവ് കാഴ്ചയാണ്.

പ്രതിഷേധവുമായി മൂവ്മെന്റ് ഓഫ് ബസ് പാസഞ്ചേഴ്സ് സംഘടന രംഗത്ത്

ട്രിപ്പു മുടക്കുന്ന ബസ് ഉടമകൾക്കെതിരെ കർശന നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. സർവീസ് പുനരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയ്യാറാവുമെന്നും മൂവ്മെന്റ് ഓഫ് ബസ് പാസഞ്ചേഴ്സ് സംഘടനാ ചെയർമാൻ കരിങ്ങാലി വിജയൻ ,കൺവീനർ പി. അരവിന്ദൻ എന്നിവർ പറഞ്ഞു. ബസുടമകളുടെ ധിക്കാരത്തിനെതിരെ വൻ ജനരോഷമാണ് നാട്ടുകാരിൽ ഉയർന്നുവന്നിട്ടുള്ളത്.