കോഴിക്കോട്: വെള്ളയിൽ ആവിക്കൽ തോടിന് സമീപം നിർദ്ദിഷ്ട സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് അവിടെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച് മേയർ പുറപ്പെടുവിച്ച പ്രസ്താവന വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. മാർച്ച് 11ന് ചേർന്ന സർവകക്ഷി യോഗത്തിൽ എല്ലാവരും പ്ളാന്റിന് അനുകൂലിച്ചുവെന്നത് കള്ളപ്രചാരണം മാത്രമാണ്.
പ്ളാന്റ് സ്ഥാപിക്കുന്നതിനോട് അവിടത്തെ സി.പി.എം ഉൾപ്പെടെ എല്ലാ പാർട്ടികൾക്കും എതിർപ്പാണ്.എല്ലാ രാഷ്ട്രീയ മത സംഘടനകളും ഒറ്റക്കെട്ടായാണ് സമരം ചെയ്യുന്നത്.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പുതിയകടവ്, തോപ്പയിൽ, ആവിക്കൽ എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവും.അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി പ്ളാന്റ് സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ചെയർമാൻ ടി ദാവൂദ്, കൺവീനർ ഇർക്കാൻ ഹബീബ്, ഡിവിഷൻ കൗൺസിലർ സൗഫിയ അനിഷ, കെ ഷൈജു, അബ്ദുൾ ഗഫൂർ എന്നിവർ പങ്കെടുത്തു.