കോഴിക്കോട്: അമൃത് പദ്ധതിയിൻ കീഴിൽ കോഴിക്കോട് കോർപ്പറേഷൻ സ്ഥാപിക്കുന്ന മലിനജല സംസ്കരണ പ്ലാന്റ് (എസ്.ടി.പി) തീരദേശവാസികൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന പദ്ധതിയാണെന്ന് മേയർ ഡോ.ബീന ഫിലിപ്പ്.

ഇവിടെ നിന്നുള്ള നാല്പതംഗ സംഘം തിരുവന്തപുരത്തെ മലിനജല സംസ്കരണ പ്ലാന്റ് സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അവർ. മേയറുടെയും കോർപ്പറേഷൻ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സംഘത്തിൽ കൗൺസിലർമാർക്കു പുറമെ നാട്ടുകാരുടെ പ്രതിനിധികളെയും ഒപ്പം കൂട്ടുകയായിരുന്നു.

മെഡിക്കൽ കോളേജിൽ നിന്നുള്ള മലിനജലം കാരണം ജനങ്ങൾ പൊറുതിമുട്ടിയതോടെയാണ് തിരുവനന്തപുരം കോർപ്പറേഷൻ അവിടെ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റിന്റെ പത്തു മീറ്റർ മാറി വീടുകളുണ്ട്. നേരത്തെ മലിനജലം കെട്ടിനിന്ന് ദുർഗന്ധവും കൊതുകുശല്യവും രൂക്ഷമായിരുന്നു. പ്ലാന്റ് വന്നതോടെ ഇതിനെല്ലാം പരിഹാരമായെന്ന് പരിസരവാസികൾ സാക്ഷ്യപ്പെടുത്തിയതായി മേയർ പറഞ്ഞു.

ഇവിടെ പ്ളാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ വിവാദമുയർത്തി പദ്ധതി തടയാനുള്ള ശ്രമങ്ങൾക്ക് ചിലർ മുതിരുകയായിരുന്നു. അതോടെ പ്രതിഷേധമായി. ഈ സാഹചര്യത്തിലാണ് പ്ലാന്റ് എത്രത്തോളം പരിസ്ഥിതി സൗഹൃദവും ജനങ്ങൾക്ക് ഉപകാരപ്രദവുമാണെന്ന് കോതി, ആവിക്കൽ തോട് നിവാസികളെ കാണിച്ചു ബോദ്ധ്യപ്പെടുത്താൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനിച്ചത്.

സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിച്ച് മലിനജലത്തിൽ നിന്നുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ വികസിത നഗരങ്ങളിൽ ഉർജ്ജിതമായി നടക്കുന്നുണ്ട്. മലിനജലത്താൽ പൊറുതിമുട്ടുന്ന ആവിക്കൽ തോട്, കോതി ഉൾപ്പെടെ നഗരത്തിലെ തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയെന്ന നിലയിലാണ് എസ്.ടി.പി സ്ഥാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചതെന്ന് മേയർ പറഞ്ഞു. അനുവദിച്ച ആദ്യ പദ്ധതി തന്നെ നടപ്പാക്കാനായില്ലെങ്കിൽ അമൃത് പദ്ധതിയിൽ കോഴിക്കോട് കോർപ്പറേഷന് ഇനി ഇടം ലഭിക്കാതെ വരുമെന്നും മേയർ പറഞ്ഞു.

 കോതിയിൽ 6 ദശലക്ഷം ലിറ്റർ പ്ളാന്റ്;

ആവിക്കൽ തോട് 7 ദശലക്ഷം ലിറ്റ‌ർ

പ്രതിദിനം ആറു ദശലക്ഷം ലിറ്റർ ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റിനാണ് കോതിയിൽ അനുമതിയായത്. ആവിക്കൽ തോട് എഴു ദശലക്ഷംലിറ്റർ ശേഷിയുള്ള പ്ലാന്റും. എം.ബി.ബി.ആർ എന്ന പരിസ്ഥിതിസൗഹൃദ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഈ രണ്ടു പ്ലാന്റും സ്ഥാപിക്കുക.

നഗരത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റുകൾക്കെതിരെയുള്ള അനാവശ്യ വിവാദങ്ങൾക്കു തടയിടാനാവുംവിധം ഈ രണ്ടിടങ്ങളിൽ നിന്നുള്ളവരെയും യാഥാർത്ഥ്യം ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞതായി മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിനോടു ചേർന്ന് സ്ഥാപിച്ച മലിനജല സംസ്‌കരണ പ്ലാന്റും അതിന്റെ പ്രവർത്തനവും അവർക്ക് നേരിട്ടു കാണിച്ചുകൊടുത്തു. കാര്യങ്ങൾ എല്ലാവർക്കും ബോദ്ധ്യമായി.

അമൃത് പദ്ധതി പ്രകാരം തിരുവനന്തപുരം കോർപ്പറേഷനു വേണ്ടി 14 കോടി രൂപ ചെലവിൽ കേരള വാട്ടർ അതോറിറ്റി നിർമ്മിച്ചതാണ് ഈ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്. വാട്ടർ അതോറിറ്റി എക്‌സിക്യുട്ടിവ് എൻജിനിയർ അജീഷ് കുമാറാണ് ഇതിന്റെ പ്രവർത്തനം വിശദീകരിച്ചത്.