lahari
sentoff

​രാമനാട്ടുകര:​ വിദ്യാർത്ഥികളുടെ യാത്രയയപ്പുകളിൽ ലഹരി മാഫിയ പിടിമുറുക്കുന്നു?. കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ഹോട്ടലുകളും മിനി റിസോർട്ടുകളും വ്യാപകമായി ബുക്ക് ചെയ്തിരിക്കുകയാണ്. അദ്ധ്യയന വർഷം പൂർത്തിയാക്കുന്ന കുട്ടികളാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്. കഴിഞ്ഞ ​കൊ​വിഡ് കാലത്ത് വിലക്കുകൾ നിലനിൽക്കെ ​ മേഖലയിലെ ചില ഓഡിറ്റോറിയങ്ങളിൽ വിദ്യാർത്ഥികൾ യാത്രയയപ്പിന്റെ പേരിൽ അഴിഞ്ഞാടിയത് പരിസരവാസികൾക്കും ​പൊ​ലീസിനും വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

വിദ്യാർത്ഥികളുടെ ഇത്തരം യാത്രയയപ്പുകൾക്ക് സ്‌കൂൾ അധികൃതർ അനുമതി നിഷേധിച്ചതോടെയാണ് വലിയ ചെലവ് വരുന്ന കൺവെൻഷൻ സെന്ററുകളും ഹോട്ടലുകളും ​തെര​ഞ്ഞെടുത്തിരിക്കുന്നത്. ഇതിനു പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും ലഹരി മാഫിയ ഉണ്ടെന്നാണ് വിവരം . എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പൂർത്തിയാക്കുന്നവരെയാണ് ഇത്തരം മാഫിയകൾ ലക്ഷ്യമിട്ടിരിക്കുന്നത്. പല സ്‌കൂളുകളിലും വിദ്യാർത്ഥികളിൽ നിന്ന് മയക്കുമരുന്ന് പിടികൂടുന്നുണ്ടെങ്കിലും കുട്ടികളുടെ ഭാവിയോർത്ത് അദ്ധ്യാപകരും സ്‌കൂൾ അധികൃതരും ഒതുക്കി തീർക്കുകയാണ് .