സുൽത്താൻ ബത്തേരി: തന്നെ ആക്രമിക്കാനെത്തിയ കടുവയെ അടിച്ചോടിച്ചതായി ചെതലയം താത്തൂർ കോളനിയിലെ മനു (27). ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. കോളനിയിലെ സ്വന്തം വീടിന്റെ വരാന്തയിൽ ഫോൺ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്.
സംഭവം സംബന്ധിച്ച് മനുവും കോളനിവാസികളും പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ മനു വീടിന് പുറത്തിരുന്നു മൊബൈലിൽ നോക്കികൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് കടുവ കോളനിയിലെ വളർത്തുനായ്ക്കളെ പിടികൂടാനായി
എത്തിയത്. കടുവ വരുന്നത് കണ്ട കോളനിവാസികൾ ഓടി അകത്ത് കയറി. എന്നാൽ പെട്ടന്ന് ഓടിരക്ഷപ്പെടാൻ കഴിയാതിരുന്ന മനു ഒച്ചയുണ്ടാക്കിയതോടെ കടുവ പട്ടിയെ വിട്ട് മനുവിന്റെ നേരെ തിരിഞ്ഞു. ഒരായുധത്തിന് വേണ്ടി ചുറ്റും നോക്കിയങ്കിലും ഒന്നും കിട്ടിയില്ല. അവസാനം കാലിൽ കിടന്ന ചെരിപ്പെടുത്ത് അടിച്ചതോടെ കടുവ തിരിഞ്ഞുപോകുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
കടുവ കോളനിയിലെത്തി വീടിന്റെ വരാന്തയിൽ ഉണ്ടായിരുന്ന മനുവിനെ ആക്രമിക്കാൻ തുനിഞ്ഞെന്ന് മനുവിന്റെ ഭാര്യയും കോളനിവാസികളും ആണയിട്ടുപറയുന്നു. എന്തായാലും കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് പറ്റിയിട്ടില്ല. നായ്ക്കളെ രക്ഷിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തിലാണ് മനു. കോളനിയിലും പരിസരപ്രദേശങ്ങളിലും കടുവ ശല്യം പതിവാണ്.