സുൽത്താൻ ബത്തേരി: വയനാടിന്റെ പുറം ലോകം കണ്ടിട്ടില്ലാത്ത ഗോത്രവർഗ്ഗകുട്ടികൾ ചുരവും കടന്ന് സാമൂതിരിയുടെ നാട്ടിലെ വിശേഷങ്ങൾ നേരിൽ കണ്ടറിഞ്ഞു. ഏറ്റവുമധികം ആദിവാസികൾ അധിവസിക്കുന്ന നൂൽപ്പുഴ പഞ്ചായത്തിലെ വനഗ്രാമമായ ആനപന്തി കാട്ടുനായ്ക്ക കോളനിയിലെ പ്രാക്തനഗോത്രവർഗ്ഗ കുട്ടികൾ പഠിക്കുന്ന ആൾട്ടർനേറ്റീവ് സ്‌കൂളിലെ കുട്ടികളാണ് വീടും സ്‌കൂളും വിട്ടുള്ള കാഴ്ചകൾ കണ്ടറിഞ്ഞത്.
ഏകാദ്ധ്യാപക വിദ്യാലയത്തിലെ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ബത്തേരി റോട്ടറി ക്ലബ്ബ് കുട്ടികൾക്കായി യാത്രയൊരുക്കിയത്. കാടിനുള്ളിലെ ഈ വിദ്യാലയത്തിൽ നിന്നുള്ളവർ ഇതുവരെ വയനാടിന് പുറത്ത് പോയിട്ടില്ല. കുട്ടികൾക്ക് വിമാനം, കടൽ, ട്രെയിൻ, പ്ലാനറ്റോറിയം എന്നിവയെല്ലാം വിസ്മയമായി.
കോഴിക്കോട് എയർപോർട്ട് മാനേജർ ജി.ശ്രീലക്ഷ്മി കുട്ടികളെ വിമാനത്താവളത്തിൽ സ്വീകരിച്ച് വിമാനത്താവളവും വിമാനവും കാണാൻ അവസരമൊരുക്കി. പിന്നീട് സ്റ്റേഷൻ മാസ്റ്ററുടെ അനുവാദത്തോടെ ട്രെയിനും റെയിൽവേ സ്റ്റേഷനും കണ്ടു. കുട്ടികളോടൊപ്പം ആൾട്ടർനേറ്റീവ് സ്‌കൂളിലെ പിടിഎ അംഗങ്ങളുമുണ്ടായിരുന്നു. റോട്ടറിയുടെ റോട്ട കിഡ്സ് കുട്ടികളെ സഹായിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റോട്ടറി പ്രസിഡന്റ് ബിജു പൂത്തേത്ത്, കെ.പി.രവീന്ദ്രനാഥ്, സണ്ണി വിളകുന്നേൽ എന്നിവർ ടൂറിന് നേതൃത്വം നൽകി.