 
കോഴിക്കോട്: ഒരാൾ പൊക്കമുള്ള പഞ്ചാബി ബീറ്റൽ, കരുത്തും കാന്തിയുമേറിയ ജംനാപ്യാരി...
തിരുവമ്പാടി നാല്പത് മേനിയിൽ പുരയിടത്തിൽ ജോസ് എന്ന ജേക്കബ് തോമസിന്റെ ഫാമിലുള്ളതെല്ലാം അജലോകത്തെ താരപ്പകിട്ടുള്ള 'ബിഗ് ബി'മാർ. 16 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം വ്യത്യസ്തങ്ങളായ ആടുകളെ വളർത്തി വരുമാനം കണ്ടെത്തുകയാണ് ജോസ്. മാസം 50,000 ത്തിൽ കുറയാത്ത വരുമാനം.
പശുക്കളെയും ആടുകളെയും ഉൾപ്പെടുത്തിയായിരുന്നു ഫാമിന് തുടക്കം. പശു വളർത്തൽ ലാഭമല്ലെന്ന് കണ്ടതോടെ ആടുകളിൽ മാത്രമായി ശ്രദ്ധ.
1996-ൽ തുടങ്ങിയതാണ് ഈ 'ആടുജീവിതം'. മലബാറി, സോജത്ത്, സിരോഹി, ഹൈദരാബാദി, വയനാടൻ ബ്രീഡ് തുടങ്ങി വിവിധ ഇനങ്ങളിലായി 85 ഓളം ആടുകളുണ്ട് വീടിനോട് ചേർന്ന ഫാമിൽ. മൂന്നുമുതൽ അഞ്ചു ലിറ്റർവരെ പാൽ തരുന്നവയാണ് മിക്കവയും. പാലിൽ നിന്ന് നല്ല വരുമാനം ലഭിക്കുമെങ്കിലും വീട്ടാവശ്യത്തിനുപോലും ഉപയോഗിക്കാതെ ആട്ടിൻകുട്ടികൾക്ക് നൽകുകയാണ്. ആട്ടിൻ കുട്ടികളെ വളർത്തി വില്പന, ആടുകളുടെ ക്രോസിംഗ്, ആടുകളെ വാങ്ങി വില്ക്കൽ എന്നിവയിലൂടെയാണ് വരുമാനം. നിരവധി കർഷകരും ആട് സ്നേഹികളും ജോസിന്റ ഫാം തേടിയെത്താറുണ്ട്.
കുട്ടിക്കാലത്ത് വീട്ടിൽ വളർത്തിയിരുന്ന ആടുകളെയും പശുക്കളെയും കണ്ടുവളർന്ന ജോസിന് അവയുടെ പരിപാലനവും മറ്റും വളരെ ഇഷ്ടമാണ്. സർക്കാരിന്റെ ഫാം ടൂറിസം പദ്ധതിൽ ഇടം പിടിച്ചതോടെ ആട് വളർത്തൽ വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് 68കാരനായ ജോസും ഭാര്യ മേരിയും.
ജംനാപ്യാരി വില 70,000 വരെ
മാംസത്തിനും പാലിനും പേരുകേട്ട ജംനാപ്യാരിയെ അതേ പേരിലുള്ള സിനിമയിലൂടെ മലയാളികൾക്ക് പരിചിതമാണ്. 30000 മുൽ 70000 രൂപവരെയാണ് വില. ബീറ്റൽ ആടുകൾക്ക് 30,000 മുതൽ ഒരു ലക്ഷം വരെ. ആട്ടിൻ കുട്ടികൾക്ക് 15000- 20000. സങ്കരയിനം ആടുകൾക്ക് 15000 മുതൽ മേലോട്ടാണ് വില വിവിധ ഇനം ആടുകൾക്ക് ആക്രമണസ്വഭാവമുള്ളതിനാൽ പ്രത്യേകം കൂടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.
വെള്ളയും തവിട്ടുകലർന്ന വെള്ളയുമാണ് പൊതുവെ ജംനാപാരിയുടെ നിറം. ഒരടിയോളം നീളത്തിൽ പിരിഞ്ഞ് താഴോട്ട് വളർന്ന ചെവി, തത്തക്കൊക്കുപോലെ മുന്നോട്ട് തള്ളിനിൽക്കുന്ന മൂക്ക്, പിന്നോട്ട് പിരിഞ്ഞ് നിൽക്കുന്ന ചെറിയ കൊമ്പുകൾ.