കൽപ്പറ്റ: കുടുംബാന്തരീക്ഷങ്ങളിൽ സാമ്പത്തിക അരാജകത്വം വർദ്ധിക്കുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ.എം.എസ്. താര പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമ്മീഷൻ അദാലത്തിൽ കേസുകൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവർ.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്ത്രീകൾ നടപടികൾ നേരിടേണ്ടി വരുന്ന കേസുകളുടെ എണ്ണം വയനാട് ജില്ലയിലും വർദ്ധിച്ചു വരുന്നുണ്ട്. പലപ്പോഴും ധനകാര്യ സ്ഥാപനങ്ങൾ സ്ത്രീകളെ മുൻനിർത്തി നൽകുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നത് മൂലമാണ് സ്ത്രീകൾ നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങൾ സാമ്പത്തിക പരിമിതികൾ മനസിലാക്കി ജീവിക്കാൻ തയ്യാറായാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ ചെറുക്കാൻ സാധിക്കുമെന്നും കമ്മീഷൻ പറഞ്ഞു.
അദാലത്തിൽ 25 പരാതികൾ കമ്മീഷൻ പരിഗണിച്ചു. 6 പരാതികൾ പരിഹരിച്ചു. 19 എണ്ണം അടുത്ത അദാലത്തിൽ വിണ്ടും പരിഗണിക്കും. അഡ്വക്കറ്റുമാരായ ഓമന വർഗീസ്, മിനി മാത്യൂസ് തുടങ്ങിയവരും പങ്കെടുത്തു.