കൽപ്പറ്റ: ജില്ലയിലെ ബാങ്കുകൾ നടപ്പുസാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 3912 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി വിലയിരുത്തി. കാർഷിക മേഖലയ്ക്ക് 2537 കോടി രൂപ അനുവദിച്ചു. കാർഷികേതര വിഭാഗത്തിൽ 286 കോടി രൂപ സൂക്ഷ്മചെറുകിട വ്യവസായ മേഖലയ്ക്കും 831 കോടി രൂപ മറ്റ് മുൻഗണനാ വിഭാഗത്തിലും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ആകെ 3654 കോടി രൂപയാണ് മുൻഗണനാ മേഖലയ്ക്ക് നൽകിയതെന്ന് കനറാ ബാങ്ക് കണ്ണൂർ സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറൽ മാനേജർ വി.സി.സത്യപാൽ പറഞ്ഞു. ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 8135 കോടിയിൽ നിന്ന് 8931 കോടി രൂപയായും നിക്ഷേപം 6714 കോടി രൂപയിൽ നിന്ന് 7491 കോടി രൂപയായും വർദ്ധിച്ചു. വായ്പ 10 ശതമാനവും നിക്ഷേപം 12 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.വിദേശ നിക്ഷേപം 12 ശതമാനം വർദ്ധിച്ച് 1356 കോടി രൂപയായി.
യോഗം ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ പി.എൽ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ ക്രെഡിറ്റ് പ്ലാൻ എം.എൽ.എ പ്രകാശനം ചെയ്തു. 5500 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക മേഖലയ്ക്കായി 4000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 660 കോടി രൂപ സൂക്ഷ്മചെറുകിട വ്യവസായത്തിനും 500 കോടി രൂപ മറ്റ് മുൻഗണനാ വിഭാഗത്തിലും ഉൾപ്പടെ 5160 കോടി രൂപ മുൻഗണനാ മേഖലയിൽ വകയിരുത്തിയിട്ടുളളത്.

ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ ഇ.കെ.രഞ്ജിത്ത്, നബാർഡ് ഡി.ഡി.എം വി ജിഷ, കളക്‌ട്രേറ്റ് ഫിനാൻസ് ഓഫീസർ എ.കെ.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.