കൽപ്പറ്റ: അംഗൻവാടി ജീവനക്കാരുടെ വേതനവും, വിരമിച്ചവരുടെ ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് ഇന്ത്യൻനാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അംഗൻവാടി ജീവനക്കാർക്ക് മാർച്ചിൽ ലഭിക്കേണ്ട ഹോണറേറിയം ഇനിയും പൂർണമായി ലഭിച്ചിട്ടില്ല. അംഗൻവാടി ജീവനക്കാർക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതം വകമാറ്റി ചിലവഴിച്ച ശേഷം ലഭിച്ചിട്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ബഡ്ജറ്റിൽ പറഞ്ഞ അലവൻസ് ഇതുവരെ നൽകിയിട്ടില്ല. മേലുദ്യോഗസ്ഥരും മറ്റും കൃത്യമായി ശമ്പളം കൈപ്പറ്റുമ്പോൾ വിവിധ ഉത്തരവാദിത്വങ്ങൾ ചെയ്യുന്ന ജീവനക്കാരുടെ കുടുംബങ്ങളുടെ കണ്ണീര് കാണാതെ പോവുകയാണ്. ക്ഷേമനിധി ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. ഈ മാസം മുഴുവൻ തുകയും ലഭിച്ചില്ലെങ്കിൽ പ്രതിഷേധസമരമാരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഐഎൻടിയുസി ജില്ലാപ്രസിഡന്റ് പി.പി.ആലി, ഫെഡറേഷൻ പ്രസിഡന്റ് എൻ.എസ്.ബിന്ദു, ജനറൽ സെക്രട്ടറി കൃഷ്ണകുമാരി നെന്മേനി, സെക്രട്ടറി കെ.ആർ.സീതാലക്ഷ്മി എന്നിവർ പങ്കെടുത്തു.