വടകര: നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ വടകര ജെ.ടി റോഡിലെ ആസ്ഥാനത്ത് വീണ്ടും മോഷണം. ഒരു മാസത്തിനിടെ രണ്ടാംതവണയാണ് ഇവിടെ മോഷണം നടക്കുന്നത്. പണമൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും ഇന്റർനെറ്റ് റൂട്ടറാണ് ഇത്തവണ മോഷണം പോയത്. കഴിഞ്ഞ ഫെബ്രുവരി 20 നാണ് ഇവിടെ മോഷണം നടന്നത്. കാൽലക്ഷത്തിലേറെ രൂപയും സി.സി.ടി.വി ഹാർഡ് ഡിസ്‌കുമടക്കമാണ് അന്ന് കളവ്‌ പോയത്. ഇതിന്റെ അന്വേഷണം എങ്ങുമെത്തുന്നതിനു മുൻപുതന്നെ വീണ്ടും മോഷണം നടന്നത് വടകര പൊലിസിന് നാണക്കേടായി മാറിയിരിക്കുകയാണ്. ആദ്യതവണ കയറിയതുപോലെ പിൻവശത്തുകൂടെയാണ് കള്ളൻ ഇത്തവണയും കയറിയത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഇരുമ്പ് സേഫ് തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മുൻപ് മോഷണം നടന്നതിനാൽ ഇവിടെ പണം സൂക്ഷിക്കാറില്ല. മോഷ്ടാക്കക്കൾക്ക് പ്രത്യേക ഉദ്ദേശമുണ്ടാവാമെന്നും നഗരത്തിൽ തുടർച്ചയായി മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതിനാൽ പൊലീസിന്റെ നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.