കൽപ്പറ്റ: നീലഗിരി കോളേജ് സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ 26ന് സ്‌നേഹസ്വരം സംഗമത്തോടെ സമാപിക്കുമെന്ന് മാനേജിങ് ഡയറക്ടർ റാഷിദ് ഗസാലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ലോക സന്തോഷദിനമായ 20നാണ് തുടങ്ങിയത്. അന്ന് വിദ്യാർഥികൾ ആയിരം അഗതികൾക്ക് ഭക്ഷണം എത്തിച്ചു. വിദ്യാർഥികളും കോളേജ് അധികൃതരും ഓരോ വൃദ്ധസദനങ്ങളിലും നേരിട്ടെത്തി അന്തേവാസികളെ ക്ഷണിച്ച് സംഗമത്തിലെത്തിച്ച്, ഒരുമിച്ചു ഭക്ഷണം കഴിച്ച്, കലാപരിപാടികൾ അവതരിപ്പിച്ച്, അവർക്കാവശ്യമുള്ളതെല്ലാം നൽകി യാത്രയാക്കുന്നതാണ് സ്‌നേഹസ്വരം സംഗമം.
10,000 പേർക്ക് ഭക്ഷണം നൽകുന്ന ഹാപ്പിനസ് ലഞ്ച്, തണൽ മന്ദിരങ്ങളിലെ രക്ഷിതാക്കളുടെ സ്‌നേഹ സംഗമം, ഇൻഫോസിസ് പരിശീലനം പൂർത്തിയാക്കിയ
വിദ്യാർഥികളെയും, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും അനുമോദി​ക്കുന്ന ഫാമിലി മീറ്റ് തുടങ്ങിയ പരിപാടികളും നടത്തുന്നുണ്ട്.
25ന് ക്യാമ്പസിൽ മെഗാ ജോബ് ഫെയർ നടക്കും. 20നും 40നുമിടയിൽ പ്രായമുള്ള ജോലി ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാം.
അക്കാദമിക് ഡീൻ പ്രൊഫ. ടി.മോഹൻബാബു, പിടിഎ പ്രസിഡന്റ് ജോസ് കുര്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.