കുന്ദമംഗലം: കൊവിഡ് കാലത്ത് സർക്കാർ പഞ്ചായത്ത് കെട്ടിടങ്ങളിലെ കച്ചവടക്കാർക്ക് അനുവദിച്ച ആറുമാസത്തെ വാടകഇളവ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നൽകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കുടംബസമേതം സമരത്തിനിറങ്ങുന്നു. കുന്ദമംഗലം അങ്ങാടിയിലെ പഞ്ചായത്ത് കെട്ടിടങ്ങളിൽ അറുപതോളം കച്ചവടക്കാരുണ്ട്. അയൽപഞ്ചായത്തുകളും മുൻസിപ്പലിറ്റികളും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാടക ഇളവ് നൽകിയപ്പോൾ കുന്ദമംഗലം പഞ്ചായത്ത് അധികൃതർ ഇളവ് നൽകുന്നില്ലെന്ന് മാത്രമല്ല മുഴുവൻ വാടകയും പലിശസഹിതം അടക്കുവാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. സമരത്തിന്റെ ആദ്യ ഘട്ടത്തിൽ 26ന് രാവിലെ 10 മണിക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് കുടുംബസമേതം മാർച്ചും ധർണയും നടത്തുമെന്നും കേരളവ്യാപാരി വ്യവസായി ഏകോപനസമിതി കുന്ദമംഗലം യൂനിറ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡണ്ട് എം.ബാബുമോൻ, സെക്രട്ടറി പി.ജയശങ്കർ, എൻ.വിനോദ്കുമാർ, കെ.കെ.ജൗഹർ,പി.ഭാസ്കരൻ, ടി.മുഹമ്മ്ദ്മുസ്തഫ, എൻവി അഷറഫ് എന്നിവർ പങ്കെടുത്തു.