സുൽത്താൻ ബത്തേരി: ഡബ്ല്യുസിഎസ് പട്ടയഭൂമികളിലെ നിർമ്മാണ നിരോധന വിഷയത്തിൽ, ഉത്തരവിൽ വ്യക്തതതേടി ഹൈക്കോടതിയെ സമീപിക്കാൻ നെന്മേനി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ തീരുമാനിച്ചു.
എൽഎ പട്ടയങ്ങൾക്ക് ബാധകമായ കോടതി വിധി ഡബ്ല്യുസിഎസ് പട്ടയഭൂമികളിൽ ബാധകമാക്കിയതിന് പിന്നിൽ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ്. ഇത് തിരുത്താൻ ഉദ്യോഗസ്ഥ നേതൃത്വം തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയിൽ നിന്ന് വ്യക്തതതേടാൻ തീരുമാനിച്ചത്. നിയമപരമായും ബഹുജനങ്ങളെ അണിനിരത്തിയും നിരോധനത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ജയമുരളി, കെ.വി.ശശി, സുജാത ഹരിദാസ്, ടി.എം.റഷീദ്, സി.ടി.ചന്ദ്രൻ, അബ്ദുള്ള മാടക്കര, കെ.എം.വർഗീസ്, ബെഞ്ചമിൻ ഈശോ, സാജു ഐക്കരകുന്നത്ത്, ടി.സി.വർഗീസ്, ഹരിദാസ്, പി.കെ.വിജയൻ, അനിത കല്ലൂർ, സൈസുനത്ത് നാസർ, ഷാജി ചുള്ളിയോട് അനന്തൻ അമ്പലക്കുണ്ട് എന്നിവർ സംസാരിച്ചു.