സുൽത്താൻ ബത്തേരി: ബസ് ചാർജ് വർദ്ധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ ഇന്നു മുതൽ നടത്തുന്ന പണിമുടക്ക് സമരത്തിൽ വയനാട് ജില്ലയിലെ ബസുടമകൾ പങ്കെടുക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ 6 രൂപയാക്കുക, കൊവിഡ് കാലത്ത് സർവ്വീസ് നടത്തിയ ആറുമാസത്തെ റോഡ് ടാക്സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
കൊവിഡ് കാലത്ത് അടയ്ക്കാൻ കഴിയാതിരുന്ന റോഡ് ടാക്സിന് 20 ശതമാനം പിഴ ഈടാക്കുന്നത് ഒഴിവാക്കി ജസ്റ്റീസ് രാമചന്ദ്രൻ കമ്മറ്റി ശുപാർശ നടപ്പാക്കണം. കൊവിഡിന്‌ശേഷം കളക്‌ഷൻ കുറഞ്ഞു. ഡീസൽ അടിച്ചശേഷം കളക്‌ഷനിൽ മിച്ചം വരുന്ന തുക ബസ് ജീവനക്കാർ പങ്കിട്ടെടുക്കേണ്ട അവസ്ഥയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എം. രഞ്ജിത്ത്റാം, ട്രഷറർ സി.എ.മാത്യു,ജോയിന്റ് സെക്രട്ടറി ജോർജ് പുൽപ്പാറ, വൈസ് പ്രസിഡന്റുമാരായ എ.വി.പൈലി, ജാഫർ എന്നിവർ പങ്കെടുത്തു.