കോഴിക്കോട്: പി.വി.സി റേഷൻ കാർഡ് ക്യാമ്പ് എന്ന പേരിൽ സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവ അമിത ചാർജ് ഈടാക്കി പേപ്പർ കാർഡുകൾ വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പി.വിസി. റേഷൻ കാർഡ് പദ്ധതി സംസ്ഥാനത്തൊട്ടാകെ 2021 നവംബർ 2ന് ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഉപയോഗിച്ചു വരുന്ന പുസ്തക രൂപത്തിലുള്ള റേഷൻ കാർഡ്, ലാമിനേറ്റ് ചെയ്‌തെടുക്കുന്ന ഇ റേഷൻ കാർഡ് എന്നിവയുടെ സാധുതയും ഉപയോഗവും ഇല്ലാതാവില്ല. പി.വി.സി റേഷൻ കാർഡുകൾ ആവശ്യമുള്ളവർക്ക് അക്ഷയ/ സിറ്റിസൺ ലോഗിൻ മുഖേന ഇതിന്റെ പിഡിഎഫ് ഡോക്യുമെന്റ് ജനറേറ്റ് ചെയ്ത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം. അക്ഷയ കേന്ദ്രം വഴി പി.വി.സി/പ്ലാസ്റ്റിക് കാർഡ് രൂപത്തിൽ പ്രിന്റ് എടുക്കുന്നതിന് സർവ്വീസ് ചാർജും പ്രിന്റിംഗ് ചാർജും ഉൾപ്പെടെ 65 രൂപയാണ് അക്ഷയ കേന്ദ്രത്തിന് നൽകേണ്ടത്. സംസ്ഥാന സർക്കാറിന്റെ ഓൺലൈൻ സേവനങ്ങൾ സർക്കാർ നിഷ്‌കർഷിച്ച നിരക്ക് മാത്രം ഈടാക്കി ചെയ്യുവാൻ അംഗീകാരമുള്ളത് അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ്.