സുൽത്താൻ ബത്തേരി: ബസ് ചാർജ് വർദ്ധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വകാര്യ ബസ് പണിമുടക്ക് വയനാട് ജില്ലയിൽ പൂർണം. സർവ്വീസ് നടത്തികൊണ്ടിരിക്കുന്ന 270 ബസുകളിൽ ഒന്നുപോലും ഇന്നലെ നിരത്തിലിറങ്ങിയില്ല. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും, ഓർഗനൈസേഷന്റെയും കീഴിലുള്ള മുഴുവൻ ബസുകളും പണിമുടക്കിൽ പങ്കെടുത്തു.
സ്വകാര്യ ബസുകൾ മാത്രം സർവ്വീസ് നടത്തുന്ന മേഖലകളെ സമരം കാര്യമായി ബാധിച്ചു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്ക് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾ പ്രയാസത്തിലായി. സ്വകാര്യ ബസുകൾ കൂടുതൽ സർവ്വീസ് നടത്തുന്ന ബത്തേരി -പുൽപ്പള്ളി, താളൂർ, നമ്പ്യാർകുന്ന്, പൊൻകുഴി, കല്ലുമുക്ക്, തോട്ടാമൂല, മാനന്തവാടി, പൂതാടി കാരാപ്പുഴ, സ്വകാര്യ ബസ് മാത്രം സർവ്വീസ് നടത്തുന്ന എടക്കൽ, വടക്കനാട് -പള്ളിവയൽ എന്നിവിടങ്ങളിലാണ് യാത്രക്കാർ വലഞ്ഞത്.
രാവിലെയും വൈകുന്നേരവുമാണ് യാത്ര പ്രശ്നം രൂക്ഷമായത്. പരീക്ഷയ്ക്ക് സ്വന്തം വാഹനങ്ങളിലും ടാക്സി വാഹനങ്ങളിലുമായാണ് കുട്ടികൾ എത്തിയത്. ഗതാഗത സൗകര്യമില്ലാത്തതിനാൽ പല സ്ഥാപനങ്ങളിലേയും ജീവനക്കാർ ഇന്നലെ ഓഫീസുകളിലെത്തിയതും വളരെ താമസിച്ചാണ്.
കൊവിഡിന് മുമ്പ് സംസ്ഥാനത്ത് 17000 ഓളം ബസുകളുണ്ടായിരുന്നത് 7500 ബസായി കുറഞ്ഞു. അടിക്കടി ഉണ്ടാകുന്ന ഇന്ധനവില വർദ്ധനവിന് ആനുപാതികമായ വരുമാനം ബസ് സർവ്വീസിൽ നിന്ന് കിട്ടാതായതോടെയാണ് പലരും ബസ് വ്യവസായം ഒഴിവാക്കിയത്. 35000 മുതൽ 60000 വരെ രൂപ അടവുള്ള ബസുകളാണ് മിക്കതും. ചാർജ് വർദ്ധനവിൽ തീരുമാനമാകുംവരെ സമരം തുടരുമെന്ന് ഉടമകൾ പറഞ്ഞു.