കൽപ്പറ്റ: ജില്ലയിലെ എല്ലാ റേഷൻകാർഡുടമകൾക്കും ഗുണനിലവാരമുള്ള അരി വിതരണം ചെയ്യാൻ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
ജില്ലയിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്.
ജില്ലയിൽ വിതരണം ചെയ്യാൻ കുത്തരി (മട്ട അരി) ലഭിക്കുന്നതിന് പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ കമ്മീഷനെ അറിയിച്ചു. ഇത് ലഭ്യമാകുന്ന മുറയ്ക്ക് റേഷൻ കടകളിലൂടെ വിതരണം ചെയ്യും.
ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് കുത്തരി ലഭിക്കാത്തതെന്ന് കെ.കെ.നാസർ സമർപ്പിച്ച പരാതിയിൽ പറയുന്നു. ആദിവാസികൾക്കും മറ്റുള്ളവർക്കും ലഭിക്കുന്നത് ഗുണനിലവാരമില്ലാത്ത അരിയാണെന്നും പരാതിയിൽ പറയുന്നു.
മനുഷ്യാവകാശ കമ്മീഷൻ വയനാട് സിറ്റിംഗ് ഇന്ന്
കൽപ്പറ്റ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ് ഇന്ന് (26032022) രാവിലെ പത്തരക്ക് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.