
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് ഡി.സി.സി മുൻ പ്രസിഡന്റുമായ കൊയിലാണ്ടി പുളിയഞ്ചേരി ഉണിത്രാട്ടിൽ യു. രാജീവൻ (67) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവായിരുന്നു. പരേതനായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്.
കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. പുളിയഞ്ചേരി സൗത്ത് എൽ.പി സ്‌കൂൾ അദ്ധ്യാപകനായിരിക്കെ ജോലിയിൽ നിന്നു സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം കൺവീനർ, വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ, കെ.പി.സി.സി നിർവാഹക സമിതി അംഗം, ഡി.സി.സി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ ഡയറക്ടറായിരുന്നു. കൊല്ലം പിഷാരികാവ് ദേവസ്വം മുൻ ചെയർമാനാണ്. ഭാര്യ: ഇന്ദിര (റിട്ട. അദ്ധ്യാപിക, കൊല്ലം ഗവ. മാപ്പിള സ്‌കൂൾ). മക്കൾ: രജിന്ദ് (സോഫ്റ്റ്‌വെയർ എൻജിനിയർ), ഡോ. ഇന്ദുജ. മൃതദേഹം കോഴിക്കോട് ഡി.സി.സി ഓഫീസിലും കൊയിലാണ്ടി ടൗൺഹാളിലും പൊതുദർശനത്തിനു വച്ചശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.