സുൽത്താൻ ബത്തേരി: ഡി.വൈ.എഫ്.ഐ പതിനഞ്ചാമത് വയനാട് ജില്ലാ സമ്മേളനത്തിന് സുൽത്താൻ ബത്തേരിയിൽ കൊടി ഉയർന്നു. സംഘാടക സമിതി ചെയർമാൻ പി.ആർ.ജയപ്രകാശ് സമ്മേളന നഗറിൽ പതാക ഉയർത്തി. മൂന്ന് കേന്ദ്രങ്ങളിൽ നിന്നായി എത്തിയ പതാക കൊടിമര ജാഥകൾ ഇന്നലെ വൈകീട്ട് 5 മണിക്ക് അസംപ്ഷൻ ജംഗ്ഷനിൽ സംഗമിച്ച് പ്രകടനമായാണ് സമ്മേളന നഗറിലെത്തിയത്.
പതാക ജാഥ പൊഴുതനയിലെ കുട്ടിയപ്പ രക്തസാക്ഷിമണ്ഡപത്തിൽ നിന്നും, കൊടിമരജാഥ മൂലങ്കാവിലെ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും, ദീപശിഖ മാനന്തവാടി പഴശ്ശി കുടിരത്തിൽ നിന്നുമാണ് ആരംഭിച്ചത്. സമ്മേളനത്തിന് മുന്നോടിയായി സാംസ്‌ക്കാരിക സമ്മേളനം കഴിഞ്ഞ ദിവസം ബത്തേരിയിൽ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ എട്ട് ബ്ലോക്കുകളിൽ നിന്നുള്ള 200 പ്രതിനിധികളും ജില്ലാ കമ്മറ്റി അംഗങ്ങളുമുൾപ്പെടെ 229 പേർ പങ്കെടുക്കുമെന്ന്
സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുനിസിപ്പൽ ടൗൺഹാളിലെ ബിജുനഗറിൽ കാലത്ത് ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസീസ് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. 10 മണിക്ക് പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡന്റും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം സ്വതന്ത്രമൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജെയ്ക് സി.തോമസ്, കെ.യു.ജനീഷ്‌കുമാർ എം.എൽഎ, ഗ്രീഷ്മ അജയ്‌ഘോഷ് എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി ബത്തേരി ബ്ലോക്ക് കേന്ദ്രീകരിച്ചുള്ള യുവജനറാലി നടക്കും. സുൽത്താൻ ബത്തേരി കോട്ടക്കുന്നിൽ നിന്നാണ് റാലി തുടങ്ങുക. 27 -ന് വൈകിട്ട് സമ്മേളനം സമാപിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി.ആർ.ജയപ്രകാശ്, കൺവീനർ ലിജോജോണി, ബി.കെ.അനസ്, കെ.വൈ.നിധിൻ, കെ.പി.ഇന്ദുപ്രഭ എന്നിവർ പങ്കെടുത്തു.