രാമനാട്ടുകര: ജീവിതത്തിന്റെ ആകുലതകൾക്കപ്പുറം താൻ നെഞ്ചോടു ചേർത്ത രംഗകലയോടുള്ള പ്രതിബദ്ധതയുടെ വിളംബരം കൂടിയാണ് സജിത് കെ. കൊടക്കാട്ടെന്ന നാടകകാരന് ഓരോ ലോക നാടക ദിനവും. ജീവിക്കാൻ നാടകം മതിയാവില്ലെന്നറിയാമെങ്കിലും നാടകം മാറ്റി നിർത്തി ജീവിതത്തെ കാണുക ഈ യുവ നാടകകൃത്തിന് അസാദ്ധ്യം. അനീതികളോട് കലഹിക്കാൻ നാടകത്തോളം മൂർച്ചയേറിയ മറ്റൊരായുധമില്ലെന്ന തിരിച്ചറിവിൽ ഈ കലാകാരന്റെ ഓരോ സൃഷ്ടിയും ജനിക്കുന്നത് തന്റെ ചുറ്റുപാടുകളിൽ നിന്നു തന്നെയാണ്. ആയിരത്തോളം വേദികൾ പിന്നിട്ട ഏക പാത്ര നാടകം 'സത്യപാലന്റെ സത്യവും' എഴുനൂറിലധികം വേദികളിൽ അവതരിപ്പിച്ച 'സങ്കട നാരായണൻ' എന്ന നാടകവും നാടക ലോകത്ത് സജിത് കെ. കൊടക്കാട്ടിനെ അടയാളപ്പെടുത്തുന്നു.
കുട്ടിക്കാലത്ത് കഥകളോടായിരുന്നു പ്രണയം. എട്ടാം ക്ലാസുമുതൽ ആനുകാലികങ്ങളിൽ കഥകൾ എഴുതി തുടങ്ങി. 1999 ൽ പ്രസിദ്ധീകരിച്ച ഇരുട്ടിന്റെ വെളിപാടുകൾ ആണ് ആദ്യ കഥാ സമാഹാരം. പിന്നീട് മായാജാലം എന്ന മറ്റൊരു കഥാ സമാഹാരവും വായനക്കാരിലെത്തി.
നാട്ടിലെ കലാസമിതികൾക്കും വായനശാലകൾക്കും വേണ്ടിയായിരുന്നു നാടകങ്ങൾ എഴുതി തുടങ്ങിയത്. ദി ബോംബ്, വെള്ളരിപ്രാവിന്റെ ഹൃദയം, പൊട്ടൻ, സത്യപാലന്റെ സത്യം , ഹൃദയത്തിന്റെ ഉടമ, ചെരുപ്പിന്റെ സംഗീതം, വ്യസന സമേതം അറിയിക്കുന്നു , ഒരേ ഒരിന്ത്യ ഒരൊറ്റ ജനത, കളിപ്പാട്ടങ്ങളുടെ സ്വപ്നം, വെളിച്ചത്തിനെന്തൊരു കറുപ്പാണ്, വർത്തമാന രാത്രി, രാമനമ്മോൻ, ഇന്ത്യ ആരുടെ രാജ്യമാണ്, പെണ്ണിര, നിത്യ ഹരിതം, സങ്കട നാരായണൻ , കുട്ടിക്കോലം ഡോട്ട് കോം, കത്രിപ്പൂട്ട് തുടങ്ങി മുപ്പതോളം നാടകങ്ങൾ സജിത്തിന്റെ തൂലികയിൽ പിറന്നു.
നാടക അവതരണങ്ങൾക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 'ഹൃദയത്തിന്റെ ഉടമ " എന്ന നാടകത്തിന് തനിമ 2021 നാടക രചനാ പുരസ്കാരം ലഭിച്ചു. അമേച്വർ നാടകങ്ങളേക്കാൾ ഏക പാത്ര നാടകങ്ങളോടാണ് സജിത്തിന് ഇഷ്ടം. മഴ നനയുന്നവർ, ഇരുട്ടു മുറിയിലെ തീവണ്ടി എന്നീ രണ്ടുനാടകങ്ങളുടെ പണിപ്പുരയിലാണ്.
വ്യസന സമേതം അറിയിക്കുന്നു എന്ന പേരിൽ എട്ട് നാടകങ്ങൾ അടങ്ങിയ സമാഹാരം ഇക്കഴിഞ്ഞ നവംബറിൽ പ്രകാശനം ചെയ്തിരുന്നു. " സംവാദം " ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.
കണ്ണുണ്ടായാൽ പോരാ, കത്രിപ്പൂട്ട്, വലിയ വെളിച്ചം തുടങ്ങിയ തെരുവു നാടകങ്ങളും രചിച്ചിട്ടുണ്ട്. നാടകങ്ങൾ. രാമനാട്ടുകര ചുള്ളിപ്പറമ്പ് കൊടക്കാട്ട് സ്വദേശിയാണ്. ഭാര്യ: പരേതയായ ഷീന. മക്കൾ: അനാമിക, അരുൺ ജിത്ത് .