പേരാമ്പ്ര: അതിസ്ഥാന സൗകര്യങ്ങളില്ലാതെ നശിക്കുന്ന ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം വികസനത്തിനായി കാത്തിരിക്കുന്നു. മുൻ കേന്ദ്ര മന്ത്രി വി.കെ.കൃഷ്ണ മേനോന്റെ സഹോദരിജാനകിയമ്മയുടെ പേരിൽ അറിയപ്പെടുന്ന കേന്ദ്രം ജില്ലയിലെത്തുന്ന വിനോദയാത്രികരുടെ പ്രാധാന ശ്രദ്ധാകേന്ദ്രമാണ് .2008ൽ ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് ജാനകിക്കാട് ഇക്കോടൂറിസം സെന്റർ പ്രവർത്തനം ആരംഭിച്ചത്. നേരത്തെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഏറുമാടം, മുളച്ചങ്ങാടം, റിവർ ഡ്രാഫ്റ്റ് എന്നിവയുണ്ടായിരുന്നെങ്കിൽ ഇന്ന് അതെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. കാടിനുള്ളിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ സംവിധാനമില്ല. വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടെയെത്തുന്നവർക്ക് ഭക്ഷണം കഴിക്കണമെങ്കിൽ കിലോ മീറ്റർ താണ്ടി പന്തിരിക്കരയിലോ, മുള്ളൻ കുന്നിലോ പോകേണ്ട അവസ്ഥയാണ്. വനത്തിനുള്ളിൽ യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലെന്നും പരാതി ഉയരുന്നുണ്ട്. ഊടുവഴികളിലൂടെ ആർക്ക് വേണമെങ്കിലും കാടിനുള്ളിൽ പ്രവേശിക്കാൻ സാധിക്കുമെന്ന അവസ്ഥയാണ്. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളവുമായി മാറി.

അപൂർവയിനം ചിത്രശലഭങ്ങളും കോഴിവേഴാമ്പലും ധാരാളം കാണപ്പെടുന്ന പ്രദേശമാണിത്. ശലഭോദ്യാനം സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനവും കടലാസിലൊതുങ്ങി.

കാടിനെ അറിയാനും കാനന ഭംഗി ആസ്വദിക്കാനുമായി ദിവസവും നൂറിലേറെപ്പേർ ഇവിടെ എത്തുന്നുണ്ട്. എന്നാൽ വികസനപ്രവർത്തനങ്ങളൊന്നും ഇവിടെ നടപ്പാക്കിയില്ല.

കാടിനോട് ചേർന്ന മേഖലയിൽ സുരക്ഷയൊരുക്കണമെന്നും സഞ്ചാരികൾക്ക് ആവശ്യമായ

രീതിയിൽ അടിസ്ഥാനസൗകര്യങ്ങൾ യാഥാർത്ഥ്യമാക്കിയാൽ ജില്ലയിലെ ഏറ്റവും വരുമാനമുളള വിനോദ സഞ്ചാര കേന്ദ്രമായി ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം മാറുമെന്നുമാണ് പ്രകൃതി സ്നേഹികളടക്കം ആവശ്യപ്പെടുന്നത്.

ജാനകിക്കാട് ഇക്കോടൂറിസം വികസത്തിന് പ്രത്യകപദ്ധതി വേണം : പ്രകാശൻ പന്തിരിക്കര (സാമൂഹ്യപ്രവർത്തകൻ) ഇവിടെ വേണം 1.വനഭൂമി അതിർത്തികൾ മതിൽകെട്ടി സംരക്ഷിക്കുക 2 .പരിസരത്ത് വാഹനപാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക 3 .കുട്ടികൾക്ക്‌ കളിക്കാനാവശ്യമായ സ്ഥലവും അതിനുള്ള ഉപകരണങ്ങളും സഞ്ജമാക്കുക. 4.സാമൂഹ്യ വിരുദ്ധരുടെ അതിക്രമം തടയാൻ സംവിധാനം ഒരുക്കുക . 5 .പ്രദേശത്ത് വിളക്കുകൾ സ്ഥാപിക്കുക 6 .മേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കുക.