മാനന്തവാടി: ഗുണമേന്മയുള്ള കമ്പോസ്റ്റ് വേഗത്തിൽ നിർമ്മിക്കുന്നതിനുള്ള വാരാണസി കമ്പോസ്റ്റ് എന്ന സാങ്കേതിക വിദ്യ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വികസിപ്പിച്ചെടുത്തു. നബാർഡിന്റ സാമ്പത്തിക സഹായത്തോടെ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ മട്ടിലയം, പോർലോം നീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കിവരുന്ന കെ.എഫ്.ഡബ്ല്യൂ സോയിൽ പദ്ധതിയുടെ ഭാഗമായാണ് വാരാണസി കമ്പോസ്റ്റ് യൂണിറ്റുകൾ കർഷകർ സ്ഥാപിക്കുന്നത്. ഫെറോ സിമന്റ് സാങ്കേതിക വിദ്യയിൽ രണ്ട് അറകൾ ഉള്ള ടാങ്ക് ആണ് ഇതിനായി നിർമ്മിക്കുന്നത്. 2.40 മീറ്റർ നീളവും ഒരു മീറ്റർ വീതിയും, 90 സെന്റീ മീറ്റർ ഉയരവും ആണ് ടാങ്കിനുള്ളത്. ഒരു അറയ്ക്കുള്ളിൽ ജൈവ വസ്തുക്കൾ നിറഞ്ഞുകഴിയുമ്പോൾ രണ്ടാമത്തെ അറയിൽ നിറയ്ക്കും. ജൈവ വസ്തുക്കൾക്കൊപ്പം അവയെ വേഗത്തിൽ വിഘടിപ്പിക്കുവാൻ സഹായിക്കുന്ന വാരാണസി കമ്പോസ്റ്ററും നൽകണം. സാധാരണ ഒരു കുടുബത്തിൽ മൂന്ന് മാസത്തിൽ ഒരു അറ നിറയും. അടുത്ത അറ നിറഞ്ഞുവരുന്ന മൂന്നു മാസം കൊണ്ട് ആദ്യത്തെ അറയിൽ ഗുണമേന്മയുള്ള കമ്പോസ്റ്റ് രൂപപ്പെടും. വീട്ടിലെ മാലിന്യം ഗുണമേന്മയുള്ള ജൈവ വളമാക്കിമാറ്റുവാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. മട്ടിലയം, പോർലോം നീർത്തടങ്ങളിലായി 100 കർഷകർ വാരാണസി കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.