കൽപ്പറ്റ: 76,83,41,960 രൂപ വരവും 76,32,50,000 രൂപ ചെലവും 50,91,960 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അവതരിപ്പിച്ചു.

ഭവനരഹിതരില്ലാത്ത വയനാടിനും കൊവിഡ് കാലത്ത് താങ്ങായ ക്ഷീരമേഖലയ്ക്കും മുന്തിയ പരിഗണനയാണ് ബഡ്ജറ്റിൽ. ജനമനസ്സറിയാൻ പരിപാടിയിലൂടെ ജനങ്ങളിൽ നിന്ന് നേരിട്ട് ലഭിച്ച നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെട്ടു. സ്കൂളുകളിൽ ജലഗുണ നിലവാര പരിശോധന ലാബുകൾ, തെരുവ് നായകളിൽ ചിപ്പ് സംവിധാനം ഏർപ്പെടുത്തൽ, സ്‌കൂളുകളിൽ സ്‌പോർട്സ് അക്കാഡമി, ഒരു സ്‌കൂൾ ഒരു ഗെയിം പദ്ധതി, ടൈപ്പ് വൺ പ്രമേഹ രോഗ നിർണ്ണയത്തിനുളള നൂതന ഉപകരണങ്ങൾ നൽകൽ തുടങ്ങിയ വേറിട്ട പദ്ധതികൾ ബഡ്ജറ്റിലുണ്ട്.

സമഗ്ര ആരോഗ്യ പുരോഗതിക്ക് 10.95 കോടി, ഭവന നിർമ്മാണത്തിന് 7 കോടി, വിദ്യാഭ്യാസ മേഖലയെ ആധുനികവൽക്കരിക്കുന്നതിന് 5.51 കോടി, കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് 4.40 കോടി, റോഡ് പ്രവൃത്തികൾക്ക് 4.25 കോടി, മൃഗ സംരക്ഷണ ക്ഷീര വികസനത്തിന് 3.75 കോടി, വനിതകളുടെ ഉന്നമനത്തിനായി 2.65 കോടി, കുടിവെളള പദ്ധതികൾക്ക് 2.50 കോടി, ശുചിത്വ മാലിന്യ സംസ്‌ക്കരണത്തിന് 2 കോടി, ദാരിദ്ര ലഘൂകരണത്തിന് ഒരു കോടി, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി 1.32 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

പ്രധാന ബഡ്ജറ്റ് നിർദ്ദേശങ്ങൾ

നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ 3.50 കോടി

കൊയ്ത് മെതിയന്ത്രം വാങ്ങാൻ 50 ലക്ഷം

മാനന്തവാടിയിൽ മണ്ണ് പരിശോധന ലാബിന് 25 ലക്ഷം


തെരുവ് നായ ശല്യം പരിഹരിക്കാൻ പടിഞ്ഞാറത്തറയിൽ സർജിക്കൽ യൂണിറ്റ് സ്ഥാപിക്കുന്നതിന് 50 ലക്ഷം

ജില്ലാ മൃഗാശുപത്രിയിൽ ലാബ് നവീകരണത്തിന് 50 ലക്ഷം
വിദ്യാലയങ്ങളിൽ മാതൃക സ്മാർട്ട് റൂമിന് 70 ലക്ഷം

വിദ്യാലയങ്ങളിൽ ഇ ലൈബ്രറിക്ക് 50 ലക്ഷം
സയൻസ് ലാബുകൾക്ക് 25 ലക്ഷം.
സ്കൂളുകളിൽ ജല പരിശോധന ലാബുകൾക്ക് 10 ലക്ഷം
ഗേൾസ് റസ്റ്റ് റൂം ഒരുക്കുന്നതിന് 50 ലക്ഷം
ആസ്ബസ്റ്റോസ് രഹിത വിദ്യാലത്തിന് 1 കോടി
രണ്ട് സ്‌കൂളുകളിൽ സ്‌പോർട്സ് അക്കാഡമികൾക്ക് 25 ലക്ഷം ഇ ഹാജർ പട്ടികയ്ക്ക് 10 ലക്ഷം
സ്‌കൂളുകളിൽ ഓപ്പൺ ഹെൽത്ത് ക്ലബ് 50 ലക്ഷം
കിച്ചൺ ഗാർഡൻ പദ്ധതിക്ക് 20 ലക്ഷം


വനിതകൾക്കായി ഇൻഡസ്ട്രിയൽ പാർക്കിന് 25 ലക്ഷം
ക്യാൻസർ സ്‌ക്രീനിംഗ് ക്യാമ്പുകൾക്ക് 20 ലക്ഷം
പാരമ്പര്യ വൈദ്യം, നാട്ട് ചികിൽസ സംരക്ഷണത്തിന് 25 ലക്ഷം
വിസിറ്റ് വയനാട് പദ്ധതിയിൽ ഇടത്താവളങ്ങൾ ഒരുക്കുന്നതിന് 1 കോടി