കൊളഗപ്പാറ: കാരവൻ ടൂറിസം ജില്ലയിലെ ടൂറിസം മേഖലയക്ക് പുതിയ പ്രതീക്ഷയാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അമ്പലവയൽ പഞ്ചായത്തിലെ ഹിൽ ഡിസ്ട്രിക്ട് ക്ലബിൽ തുടക്കം കുറിച്ച കാരവൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ടൂറിസം ഓർഗനൈസേഷന്റെയും കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ക്ലബിന്റെയും മഡ്ഡി ബൂട്സിന്റെയും പങ്കാളിത്തത്തോടെയാണ് ഉത്തരകേരളത്തിലെ തന്നെ ആദ്യത്തെ കാരവൻ പാർക്ക് കൊളഗപ്പാറയിൽ തുടങ്ങുന്നത്. 8 ഏക്കറോളം വിസ്തൃതിയിൽ 6 കാരവനുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. കാരവൻ ടൂറിസത്തിന് വേണ്ട വെള്ളം, വൈദ്യുതി മറ്റ് ഭൗതീക സൗകര്യങ്ങൾ എല്ലാം പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഹഫ്സത്ത്, സബ് കളക്ടർ ആർ.ശ്രീലക്ഷ്മി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ്, വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് വഞ്ചീശ്വരൻ, സെക്രട്ടറി സി.പി. ശൈലേഷ്, പ്രദീപ് മൂർത്തി, അംബിക കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.