മീനങ്ങാടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റും പബ്ലിക് ഹിയറിംഗും പൂർത്തിയാക്കി മീനങ്ങാടി നൂറ് ശതമാനം പ്രശ്നപരിഹാര പഞ്ചായത്തായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.
തൊഴിലുറപ്പ് നിയമത്തിന്റെ ഭാഗമായ സോഷ്യൽ ഓഡിറ്റിന്റേയും പബ്ലിക് ഹിയറിംഗിന്റേയും ഭാഗമായി 9 റിസോഴ്സ് പേഴ്സൺമാർ 190 ദിവസമെടുത്താണ് 4,52,20,658 രൂപയുടെ പ്രവൃത്തികൾ പരിശോധിച്ചത്. 87676 അവിദഗ്ധ തൊഴിൽ ദിനങ്ങളിലൂടെ 2,50,41,724 രൂപയും സാധന ഘടകങ്ങളായി 1,92,78,934 രൂപയുടെയും പ്രവൃത്തികളാണ് പരിശോധനാ കാലയളവിൽ നടപ്പിലാക്കിയത്.
പഞ്ചായത്തിലെ 8328 കുടുംബങ്ങളിലെ 3096 സജീവ തൊഴിലാളികളിൽ 1069 പേർ 100 ദിനം പൂർത്തിയാക്കി. മൺകയ്യാല, ഭൂമി തട്ടുതിരിക്കൽ, തൊഴുത്ത്, പച്ചത്തുരുത്ത്, തോട് പുനരുദ്ധാരണം, തരിശുഭൂമി കൃഷിയാക്കൽ, തൈ നടീൽ തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.
കണ്ടെത്തിയ ന്യൂനതകൾ പബ്ലിക് ഹിയറിംഗിന് മുന്നോടിയായി പരിഹരിക്കാൻ കഴിഞ്ഞതോടെ പഞ്ചായത്ത് ബാധ്യതാരഹിതമായി.
സോഷ്യൽ ഓഡിറ്റ് സംസ്ഥാന ഡയറക്ടർ ഡോ. എൻ.രമാകാന്തൻ സോഷ്യൽ ഓഡിറ്റിന്റെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ബത്തേരി ബ്ലോക്ക് റിസോഴ്സ് പേഴ്സൺ വി.രജനിയുടെ നേതൃത്വത്തിലുള്ള 9 അംഗ സംഘമാണ് പരിശോധന നടത്തിയത്.
ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പബ്ലിക് ഹിയറിംഗ് യോഗം ജില്ലാ പഞ്ചായത്ത പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ അദ്ധ്യക്ഷത വഹിച്ചു.