സുൽത്താൻ ബത്തേരി: കേരളത്തിൽ അധികാരം പോയതോടെ ഉറക്കം നഷ്ടപ്പെട്ട കുറെപേർചേർന്ന് അവിശുദ്ധ സഖ്യമുണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫും, ബി.ജെ.പിയും, ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമെല്ലാം ഒന്നിച്ചിരിക്കുകയാണ്. എന്നാൽ ഇത് പഴയ കേരളമല്ലെന്നും വിവേകശാലികളുടെ നാടാണെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ നടക്കുന്ന സമരങ്ങൾ ബോധപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടിയുള്ളതാണ്. സിൽവർലൈനിന്റെ പേരിൽ ആർക്കെങ്കിലും സ്ഥലമോ വീടോ വിട്ടുനൽകേണ്ടി വരുന്നുണ്ടങ്കിൽ അവർക്ക് മാന്യമായ സുരക്ഷിതത്വവും നഷ്ടപരിഹാരവും ഈ സർക്കാർ നൽകും. അതിവേഗ പാതകൊണ്ട് ഒര രാജ്യവും നശിച്ചിട്ടില്ല, വികസിച്ചിട്ടേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജെയ്സിതോമസ്, കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ഗ്രീഷ്മ അജയ്‌ഘോഷ്,സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, എം.വിജേഷ്, പി.ആർ.ജയപ്രകാശ്, സി.കെ.ശശീന്ദ്രൻ, വി.വി.ബേബി, എന്നിവർ സംസാരിച്ചു. സംഘടനറിപ്പോർട്ട് സംസ്ഥാന സെക്രട്ടറി വി.കെ.സനോജും, പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി കെ.റഫീഖും അവതരിപ്പിച്ചു.
വൈകുന്നേരം പൊതുസമ്മേളനത്തിന് മുന്നോടിയായി പട്ടണത്തിൽ പ്രകടനവും നടന്നു. സ്വതന്ത്ര മൈതാനിയിൽ പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.