കോഴിക്കോട്: പുലി പോലെ വന്ന് എലിപോലെയായി സ്വകാര്യ ബസ് പണിമുടക്കെങ്കിലും സമരത്തിൽ നേട്ടം കൊയ്തത് കെ.എസ്.ആർ.ടി.സി. മൂന്ന് ദിവസം നീണ്ട ബസ് പണിമുടക്കിൽ റെക്കോർഡ് കളക്ഷനാണ് കെ.എസ്.ആർ.ടി.സി അടിച്ചെടുത്തത്. കൊവിഡിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ കളക്ഷൻ ലഭിക്കുന്നത്. ശനിയാഴ്ച മാത്രം കളക്ഷനായി വരേണ്ടിയിരുന്ന 1,89,70902 രൂപയേക്കാൾ 25 ലക്ഷം രൂപയാണ് അധികമായി ലഭിച്ചത്. 25, 26 തീയതികളിലായി ലഭിച്ച വരുമാനം 4,17,79063 രൂപയാണ്. കളക്ഷനായി വരേണ്ടിയിരുന്നത് 3,79,41804. അധികമായി ലഭിച്ചത് 38,37259 രൂപ. മുൻ ദിവസങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടത്തിലായിരുന്നു കെ.എസ്.ആർ.ടി.സി ഓടിക്കൊണ്ടിരുന്നത്.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബാലുശേരി പോലുള്ള ഗ്രാമീണ റൂട്ടുകളിൽ അധിക സർവീസുകൾ നടത്തിയിരുന്നു. ജില്ലയിൽ ആകെയുള്ള 196 ട്രാൻ.ബസുകൾ 900 സ്വകാര്യ ബസുകൾക്ക് പകരമാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മറ്റ് ജില്ലകളിൽ നിന്ന് കൂടുതൽ ബസുകൾ എത്തിച്ചും വിശ്രമമില്ലാതെ കൂടുതൽ സർവീസുകൾ നടത്തിയുമാണ് കെ.എസ്.ആർ.ടി.സി ഈ നേട്ടത്തിലെത്തിയത്.
ദേശീയ പണിമുടക്കും അവധിയും കണാക്കാക്കി നാട്ടിൽ പോകുന്നവരുടെ വലിയ തിരക്കാണ് വെള്ളി, ശനി ദിവസങ്ങളിൽ ഉണ്ടായിരുന്നത്. തിരുവമ്പാടി, തൊട്ടിൽപാലം, കണ്ണൂർ, വയനാട് സർവീസുകളിൽ ശനിയാഴ്ച വൻ തിരക്കായിരുന്നു.
സ്വകാര്യ ബസ് സമരത്തിൽ
കെ.എസ്.ആർ.ടി.സിയുടെ വരുമാനം
( 26.03.22 -ശനി )
ടാർഗറ്റ് - 1,89,70902
കളക്ഷൻ - 2,14,80973
ലാഭം- 2510071
( 25.03.22- വെള്ളി)
ടാർഗറ്റ് - 1,89,70902
കളക്ഷൻ - 2,02,98090
ലാഭം- 1327188
(19.03.22 ശനി )
ടാർഗെറ്റ് - 1,89,70902
കളക്ഷൻ - 1,33,21295
നഷ്ടം - 5,649607
'പരിമിതികൾക്കുള്ളിൽ നിന്ന് വലിയ പരാതികൾക്കിടയാക്കാതെ സർവീസ് നടത്താൻ മൂന്ന് ദിവസങ്ങളിലും കെ.എസ്.ആർ.ടി.സിയ്ക്ക് കഴിഞ്ഞു'. വി. മനോജ് കുമാർ, ഡി.ടി.ഒ