health
ഒഞ്ചിയം പി കെ മുജീബ്

വടകര: മക്കളുണ്ടാവണമെന്ന് ഏതൊരാളെയും പോലെ മോഹിച്ചതാണ് മുജീബ്. പക്ഷേ, മരുന്നിന്റെ ഉപയോഗം ഈ ചെറുപ്പക്കാരനെ എത്തിച്ചത് സങ്കടക്കരയിൽ. ലക്ഷങ്ങൾ പൊടിച്ച ചികിത്സകളും പ്രാർത്ഥനകളും ഫലം കാണാതെ നിരാശയിൽ കഴിയുമ്പോഴാണ് മുജീബിന് മുന്നിൽ ഒരാൾ പ്രത്യക്ഷപ്പെടുന്നത്. സന്താന ലബ്ധിക്കായി ഒരു മാസത്തെ ഗുളിക കഴിച്ചാൽ മതിയെന്നായിരുന്നു ഉപദേശം. കുടുംബക്കാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകൾ നീറ്റലായപ്പോൾ 2900 രൂപ നൽകി ഗുളിക വാങ്ങാൻ തീരുമാനിച്ചു. രണ്ടാഴ്ച കഴിക്കുമ്പോഴേക്കും വിരലുകളിൽ തീപ്പൊള്ളലേറ്റതുപോലെ കുമിളകൾ. ക്രമേണ കുമിളകൾ പൊട്ടി ശരീരമാസകലം നിറവ്യത്യാസവും വിണ്ടുകീറലും. ഒടുവിൽ ശരീരം നിറയെ വെളുത്തപാടുള്ള രൂപമായി മാറി മുജീബ്. ആളുകളെ അഭിമുഖീകരിക്കാൻ പ്രയാസമായതോടെ നല്ല പാചകക്കാരനായ മുജീബിന്റെ ജീവിതം വീടിന്റെ അകത്തളങ്ങളിലേക്ക് ഒതുങ്ങി.

കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഗുളിക കഴിച്ചു തുടങ്ങിയത്. അതോടെ മുജീബിന് പുറംലോകവും അന്യമായി. മാസങ്ങളോളം വീട്ടിലിരുന്ന മുജീബ് കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹ, സത്ക്കാര ചടങ്ങുകളിൽ പാചകക്കാരനായി വീണ്ടും എത്തിയിരിക്കുകയാണ്. ഒഞ്ചിയം പുതിയോട്ടുംകണ്ടി മഹമൂദ് - സഫിയ ദമ്പതികളുടെ മക്കളിൽ അഞ്ചാമത്തെ മകനാണ് മുജീബ്. ഇവരിലാർക്കും ചർമ്മ രോഗമില്ല. മാതാപിതാക്കളുടെ കുടുംബങ്ങളിലും ഉണ്ടായിരുന്നില്ല. ശരീരത്തിലെ നിറ വ്യത്യാസത്തിന് യുനാനി ചികിത്സ തേടിയതോടെ നല്ല മാറ്റമുണ്ടെന്നാണ് മുജീബ് പറയുന്നത്.