കൽപ്പറ്റ: വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ബിബിൻ ബാബു (22)വിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി കമ്മീഷനെ അറിയിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ
അംഗം കെ.ബൈജു നാഥ് നിർദ്ദേശം നൽകിയത്.
ജില്ലാ കളക്ടർ ബിബിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കണം. പട്ടികവർഗ്ഗക്കാർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായങ്ങൾ നൽകുന്നതിന് മുമ്പ് ബിബിന്റെ ആവശ്യങ്ങൾ മനസിലാക്കണം. ജില്ലാ കളക്ടറും പട്ടികവർഗ വികസന ഓഫീസറും 15 ദിവസത്തിനകം കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 28 ന് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് നൽകണം.
തോമാട്ടുചാൽ സ്‌കൂളിൽ പഠിക്കുമ്പോഴാണ് ബിബിന് അപകടമുണ്ടായത്. ആറു വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിലും മേപ്പാടി വിംസിലും ചികിത്സയിലാണ്. കൂലി പണിക്കാരായ മാതാപിതാക്കൾ കടം വാങ്ങിയും കൂട്ടുകാരിൽ നിന്നുള്ള സഹായവും കൊണ്ടാണ് ചികിത്സ നടത്തുന്നത്. ചികിത്സയ്ക്ക് വേണ്ടി വിംസിന് സമീപമുള്ള ഒറ്റമുറിയിലാണ് ബിബിൻ താമസിക്കുന്നത്. ലൈഫ് പദ്ധതിയിൽ നിന്ന് വീട് അനുവദിച്ചെങ്കിലും അച്ഛന്റെ പേരിലുള്ള സ്ഥലത്ത് വഴി സൗകര്യമില്ല. തനിക്ക് ഒരു ലാപ്‌ടോപ്പും വീൽ ചെയറും കിട്ടിയാൽ പഠനം തുടരാനാകുമെന്നും ബിബിൻ പരാതിയിൽ പറയുന്നു.