സുൽത്താൻ ബത്തേരി: ദാരിദ്ര്യലഘൂകരണത്തിന് തൊഴിൽ പദ്ധതികൾ ആവിഷ്‌ക്കരിച്ചുകൊണ്ടുള്ള 2022-23 വർഷത്തെ ബഡ്ജറ്റിന് നൂൽപ്പുഴ പഞ്ചായത്ത് അംഗീകാരം നൽകി. 75,33,02,259 രൂപ വരവും 74,46,59,800 രൂപ ചെലവും 86,42,459 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് എൻ.എ.ഉസ്മാൻ അവതരിപ്പിച്ചത്.
ഒരു വീട്ടിൽ ഒരാൾക്കെങ്കിലും സ്ഥിരം തൊഴിലിനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾക്കായി 16 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ദാരിദ്ര്യ നിർമ്മാർജനമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കാരാപ്പുഴ ജലവിതരണ പദ്ധതിയിൽ നൂൽപ്പുഴ പഞ്ചായത്തും പങ്കുചേരുന്നത്. രണ്ട് വർഷംകൊണ്ട് നൂൽപ്പുഴ സമ്പൂർണ കുടിവെള്ള മേഖലയാക്കി മാറ്റുന്നതിനായി ബഡ്ജറ്റിൽ 15.40 കോടി രൂപയാണ് വകയിരുത്തിയത്.
പാവപ്പെട്ടവന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി1.62 കോടി രൂപ നീക്കിവെച്ചു. എസ്ടി മേഖലയിൽ നിർമ്മിക്കുന്ന വീടുകളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. വീടും ഭൂമിയും ഇല്ലാത്തവർക്ക് പർപ്പിട സമുച്ചയവും, ഉത്തരവാദിത്വ ടൂറിസം എന്ന ലക്ഷ്യത്തോടെ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ഇക്കോ സ്ട്രീറ്റും നിർമ്മിക്കും. സഞ്ചാരികൾക്ക് തണലൊരുക്കുന്നതിനായി പാതയോരങ്ങളിൽ ഇല്ലിമുള വെച്ചുപിടിപ്പിക്കും. ഇതിനായി 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
പാൽ സംസ്‌ക്കരിച്ച് ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി. കാടും നാടും വേർതിരിച്ച് വന്യമൃഗശല്യം പരിഹരിക്കുന്നതിന് വേണ്ടി ഡി.പി.ആർ തയ്യാറാക്കാൻ 5 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസിന് വേണ്ടി 50 ലക്ഷം രൂപയും ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് 2 കോടി രൂപയും ഗ്രാമീണ ജനസേവന കേന്ദ്രവും, ജനപ്രതിനിധികളുടെ ഓഫീസിനുമായി 6 ലക്ഷം രൂപയും വകയിരുത്തി.
ബഡ്ജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് ഷീജ സതീഷ് അദ്ധ്യക്ഷത വഹിച്ചു.
മാതൃകയായി ബഡ്ജറ്റ് പുസ്തകം
സുൽത്താൻ ബത്തേരി: ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ബഡ്ജറ്റ് പുസ്തകത്തിൽ മുഴുവൻ ജനപ്രതിനിധികളുടെയും ഫോട്ടോ വെച്ചാണ് പുസ്തകം ഇറക്കിയതെങ്കിൽ 'ജനാഭിലാഷം" എന്ന പേരിൽ നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് ഇറക്കിയ ബഡ്ജറ്റ് പുസ്തകത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ ഫോട്ടോ വെച്ചിട്ടില്ല.
ബഡ്ജറ്റ് പുസ്തകത്തിന്റെ കവർപേജിൽ വയൽകൃഷിയുടെ മനോഹരമായ ഫോട്ടോയാണ് നൽകിയിട്ടുള്ളത്. കർഷകർ പരമ്പരാഗത രീതിയിൽ കാളയെ ഉപയോഗിച്ച് നിലം ഉഴുകയും സ്ത്രീകൾ പറിച്ച് വെച്ച ഞാർ മുടികളുമായി പോകുന്നതുമായ ചിത്രമാണ്. പുസ്തകത്തിന്റെ പുറംചട്ടയിൽ ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ചിത്രങ്ങളും കൊടുത്തിട്ടുണ്ട്.