പുൽപ്പള്ളി: ചേകാടിയുടെ സൗന്ദര്യവും തനിമയും വിനോദ സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാൻ സ്ട്രീറ്റ് ടൂറിസവുമായി വിനോദസഞ്ചാരവകുപ്പ്. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിൽ ഒന്നാണ് പുൽപ്പള്ളിക്കടുത്ത ചേകാടി. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
പരമ്പരാഗത ജീവിത രീതികളും പ്രകൃതി ഒരുക്കിയ കാഴ്ചകളും കണ്ടാസ്വദിക്കാവുന്ന വിധമാണ് സ്ട്രീറ്റ് ടൂറിസം ഒരുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കും തദ്ദേശവാസികൾക്കും ഇതിൽ പങ്കാളിയാകാം.
വയനാട്ടിൽ നെൽകൃഷി ഇപ്പോഴും ഒട്ടും കുറഞ്ഞിട്ടില്ലാത്ത പ്രദേശമാണ് ചേകാടി. സുഗന്ധനെല്ലിനമായ ഗന്ധകശാലയാണ് ഇവിടുത്തെ പ്രധാന കൃഷി. ആദിവാസികളും ചെട്ടി വിഭാഗക്കാരുമാണ് ഇവിടെയുള്ളത്. ജൈവരീതിയിലാണ് കൃഷി.
പദ്ധതി വരുന്നതോടെ പ്രദേശത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളെയും പൈതൃകങ്ങളെയും ഗ്രാമത്തിലെത്തുന്നവർക്ക് പരിചയപ്പെടുത്തി വരുമാനം നേടാം. കാടിന് നടുവിലാണ് ഈ ഗ്രാമം. 150 കുടുംബങ്ങളിൽ 93 ഉം ആദിവാസി കുടുംബങ്ങളാണ്. പുല്ലുമേഞ്ഞ വീടുകളും കാവൽ മാടങ്ങളുമടക്കം പരമ്പരാഗത ജീവിതത്തിന്റെ നേർക്കാഴ്ചകൂടിയാണ് ചേകാടി സന്ദർശകർക്ക് സമ്മാനിക്കുന്നത്. ഗോത്ര പൈതൃകവും കാർഷിക പെരുമയും ഇഴചേർന്ന് കിടക്കുന്ന ചേകാടിയുടെ ഏറ്റവും വലിയ പ്രത്യേകത വിശാലമായ പാടശേഖരമാണ്. അതുകൊണ്ട് തന്നെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇവിടുത്തെ കർഷകരും അവരുടെ പരമ്പരാഗത നെല്ലിനങ്ങളുമടക്കം പുറം ലോകത്തും ചർച്ചയാകും.