സുൽത്താൻ ബത്തേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ പൊതു പണിമുടക്കിന്റെ ആദ്യ ദിനം ജില്ലയിൽ പൂർണം. ഓട്ടോ-ടാക്സികളും ബസുകളും ഒന്നും തന്നെ സർവ്വീസ് നടത്തിയില്ല. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പണിമുടക്കിനോട് വ്യാപാരി സമൂഹം പൂർണമായി സഹകരിച്ചതോടെ ടൗണുകളിലെല്ലാം ഹർത്താൽ പ്രതീതിയായിരുന്നു. എങ്ങും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ വാഹനങ്ങളെ ബത്തേരിയിൽ പണിമുടക്ക് അനുകൂലികൾ തടഞ്ഞെങ്കിലും അൽപ്പസമയത്തിനു ശേഷം വിട്ടയച്ചു. പണിമുടക്കിയ തൊഴിലാളികൾ പ്രതിഷേധം അറിയിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങൾ അഞ്ച് മിനിട്ടോളം തടഞ്ഞിട്ടത്. പണിമുടക്കിയ വിവിധ തൊഴിലാളിസംഘടനകൾ സുൽത്താൻ ബത്തേരി പട്ടണത്തിൽ പ്രകടനം നടത്തി.