കോഴിക്കോട്: തെക്ക് കിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലും കണ്ടുവരുന്ന ഗാക് പഴം അങ്ങനെ കോഴിക്കോടൻ മണ്ണിലും വിളഞ്ഞു. കർഷകനായ കോടഞ്ചേരി ആലക്കൽ ജോസഫിന്റെ തോട്ടത്തിലാണ് പരീക്ഷണാർത്ഥം നട്ട വിത്ത്, മുളച്ച് വളർന്ന് കായ്ച്ചത്. യൂട്യൂബിൽ വീഡിയോ കണ്ടാണ് ഗാകിനോട് ജോസഫിന് ഇഷ്ടം തോന്നിയത്. പക്ഷേ, വിത്ത് എവിടെ നിന്ന് കിട്ടുമെന്നായി ആലോചന. ഒടുവിൽ വീഡിയോ ചെയ്ത യൂട്യൂബറെ വിളിച്ച് ഓൺലൈനിൽ വിത്ത് വരുത്തിച്ചാണ് പരീക്ഷണത്തിന് ഇറങ്ങിയത്. ആറുമാസം മുമ്പ് നട്ട വിത്തുകളാണ് ഇപ്പോൾ കായ്ച്ചു നിൽക്കുന്നത്. പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി. വള്ളിച്ചെടിയുടെ വർഗത്തിൽ പെടുന്നതാണ് ഗാകും. ഏറെ ഔഷധ ഗുണമുള്ള പഴത്തിന് അവോക്കാഡോ പഴത്തിന് സമാനമായ രുചിയാണെങ്കിലും നേരിയ മധുരവുമുണ്ട്. കിലോയ്ക്ക് 1000 രൂപ വരെ വിലയുണ്ടെന്നാണ് ജോസഫ് പറയുന്നത്. ജ്യൂസുണ്ടാക്കി കഴിക്കുന്നതിന് പുറമെ പച്ച ഗാക് കറിയാക്കിയും തോരൻ ഉണ്ടാക്കിയും കഴിക്കാം. ഇതിന്റെ തളിരിലകളും പൂവും തോരനുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നുണ്ടാക്കുന്ന ഓയിലിനും ഗുളികകൾക്കും വിപണിയിൽ വലിയ ഡിമാൻഡാണ്. പുറത്ത് ചെറിയ മുള്ളുകളോടുകൂടിയ ഗാക് പഴത്തിന്റെ വിത്തുകൾ ആവശ്യപ്പെട്ട് നിരവധി പേരാണ് ജോസഫിനെ തേടിയെത്തുന്നത്. 10 വിത്തിന് 500 രൂപ നിരക്കിലാണ് നൽകുന്നത്.
തന്റെ ഒരേക്കർ സ്ഥലത്ത് മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട്, സാംബോൾ, പീനട്ട്, മട്ടോവ, സ്റ്റാർഫ്രൂട്ട് തുടങ്ങി 15 ഓളം വിദേശ പഴങ്ങളും ജോസഫ് വിളയിച്ചിട്ടുണ്ട്.
കേരളത്തിലെ കാലാവസ്ഥയിലും ഗാക് നന്നായി വിളയുമെന്ന് തെളിഞ്ഞതോടെ കൃഷി വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ 75കാരൻ. ഭാര്യ: മറിയാമ്മ. മക്കൾ: ബിജു, മനോജ്, ബിനോജ്.