sun
sun

# മലയോരത്ത് ആശ്വാസമായി വേനൽ മഴ

കോഴിക്കോട്: ജില്ലയിൽ വേനൽമഴ വൈകിയതോടെ കനത്ത ചൂടിൽ വെന്തുരുകി നാടും നഗരവും. കഴിഞ്ഞ മാർച്ചിനേക്കാൾ രണ്ട് ഡിഗ്രിയുടെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ മാസം 20ന് 36.2 ഡിഗ്രി വരെയെത്തി ചൂട്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മഴ ലഭിച്ചതിനാൽ വലിയ ചൂട് അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ ഇത്തവണ മാർച്ച് കഴിയാറായിട്ടും വേനൽമഴ കാര്യമായി പെയ്യാത്തതാണ് കടുത്ത ചൂടിന് കാരണമായത്. മലയോര മേഖലയിൽ പെയ്ത ഒറ്റപ്പെട്ട മഴ ആശ്വാസമായെങ്കിലും നഗര പ്രദേശങ്ങളിൽ കാര്യമായ മഴ ലഭിച്ചതേയില്ല. കനത്ത മഴയുടെ ലക്ഷണം കാണിച്ചെങ്കിലും ചാറ്റൽ മഴയായി തീരുകയായിരുന്നു. ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ പ്രദേശമായതിനാൽ നഗരത്തിൽ താപനില കൂടുതലാണ്.

വേനൽ കടുത്തതോടെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. മലയോരത്തുൾപ്പെടെ കിണറുകൾ വറ്റിവരണ്ടു. പൈപ്പ് ലൈൻ വഴിയെത്തുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാഹനങ്ങളിൽ വിതരണം ചെയ്യുന്നതുമായ വെള്ളം ഉപയോഗിച്ചാണ് മിക്ക വീടുകളും കഴിയുന്നത്. കൊയിലാണ്ടി നഗരസഭയിലെ പല പ്രദേശങ്ങളിലും കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാത്തതിനാൽ ലോറികളിലെത്തിക്കുന്ന പരിമിതമായ വെള്ളമാണ് ഏക ആശ്രയം. പലയിടത്തും ആവശ്യത്തിന് വെള്ളമെത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ചൂട് കൂടിയതോടെ ജില്ലയിൽ തീപിടിത്തവും വ്യാപകമായിട്ടുണ്ട്. അടിക്കാട് കത്തുന്നത് ഉൾപ്പെടെ 260 തീപിടിത്തങ്ങളാണ് ഈ വേനൽക്കാലത്ത് റിപ്പോർട്ട് ചെയ്തത്. ചൂടിന്റെ തീവ്രത കൂടിയതിനാൽ നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർക്ക് നിർജലീകരണം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ 11മണി മുതൽ 3മണി വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വെള്ളം കുടിക്കുക, വെയിലത്തിറങ്ങിയുള്ള ജോലികൾ ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻകരുതലും നിർദ്ദേശങ്ങളിലുണ്ട്. അതെസമയം വൈകാതെ വേനൽ മഴ എല്ലായിടത്തും ലഭിച്ചുതുടങ്ങുമെന്നും വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

വേനൽ ചൂട് 2021- 22

 2021 മാർച്ച്

22- 34,4 ഡിഗ്രി

23- 34.9 ഡിഗ്രി

24- 34.6 ഡിഗ്രി

25- 35.1 ഡിഗ്രി

26- 34.8 ഡിഗ്രി

27.35.4 ഡിഗ്രി

28- 35.8 ഡിഗ്രി

 2022 മാർച്ച്

22- 35,2 ഡിഗ്രി

23- 35.6 ഡിഗ്രി

24- 36.0 ഡിഗ്രി

25- 34.6 ഡിഗ്രി

26- 35.2 ഡിഗ്രി

27.35.8 ഡിഗ്രി

28- 35.5ഡിഗ്രി

 ഇതുവരെ ലഭിച്ച വേനൽമഴ- 13.77 എം.എം