മാനന്തവാടി: ദീർഘകാലത്തെ സേവനത്തിനുശേഷം മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽനിന്ന് മൂന്ന് അദ്ധ്യാപകർ വിരമിക്കുന്നു. മലയാളം വിഭാഗം അസോ. പ്രൊഫസർ ഡോ. കെ.ജെ.ജോസഫ്, ഹിന്ദി വിഭാഗം അസോ. പ്രൊഫസർ ഡോ. രാകേഷ് കാലിയ, ഗണിത വിഭാഗം അസി. പ്രൊഫസർ ഡോ. പാമി സെബാസ്റ്റ്യൻ എന്നിവരാണ് അദ്ധ്യാപനജീവിതം അവസാനിപ്പിക്കുന്നത്.
ഡോ. കെ.ജെ.ജോസഫ് മേരിമാതാ കോളേജ് സ്ഥാപിതമായ 1995 മുതൽ കോളേജിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എഴുത്തുകാരൻ, വിവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിലെല്ലാം സുപരിചതിനായ അദ്ദേഹം, ഏറ്റവും ഒടുവിലായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അരുന്ധതി റോയിയുടെ ആസാദി ഏറെ സ്വീകാര്യത നേടിയിരുന്നു.
1996 മുതൽ കോളേജിൽ സേവനമനുഷ്ഠിക്കുന്ന ഡോ. രാകേഷ് കാലിയയുടെ ജന്മദേശം ഉത്തർപ്രദേശിലെ ലക്നൗവാണ്. പി.വത്സലയുടെ നെല്ല് നോവൽ ഉൾപ്പെടെ നിരവധി കൃതികൾ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ഇന്ത്യ ടുഡേ ഇന്ത്യയിലാകമാനമായി നടത്തിയ ചെറുകഥാ മത്സരത്തിൽ ജേതാവായിരുന്നു ഡോ. രാകേഷ് കാലിയ.
2000 ൽ കോളേജിൽ അദ്ധ്യാപനമാരംഭിച്ച ഡോ. പാമി സെബാസ്റ്റ്യൻ ഗവേഷണസംബന്ധിയായ നിരവധി ലേഖനങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹപ്രവർത്തകരുടേയും വിദ്യാർത്ഥികളുടേയും സ്‌നേഹവായ്പുകളേറ്റുവാങ്ങിയാണ് മൂന്ന് അദ്ധ്യാപകരും കോളേജിന്റെ പടിയിറങ്ങുന്നത്.