കൽപ്പറ്റ: ഓർക്കിഡുകളുടെ സംരക്ഷകൻ അമ്പലവയൽ സ്വദേശിയായ ഡോ.സാബു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ. നാൽപതിലധികം വന്യ ഓർക്കിഡുകൾ ശേഖരിച്ച് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുള്ള അംഗീകാരമാണിത്.

ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ നിന്ന് ഹെൽത്ത് കെയർ മാനേജ്‌മെന്റിൽ ഡോക്ടറേറ്റ് നേടി ഡി.എം.വിംസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന സാബു ഒഴിവ് സമയങ്ങളിലാണ് ഓർക്കിഡുകൾ തേടിയുള്ള യാത്രകൾ നടത്തുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ
വയനാട് കൃഷി വിജ്ഞാൻ കേന്ദ്ര മികച്ച കർഷകനുള്ള പുരസ്‌കാരം നൽകിയിട്ടുണ്ട്.

നിബിഡ വനങ്ങൾ, പാറയിടുക്കുകൾ, തോടരിക്, വലിയ മരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഓർക്കിഡുകൾ സംഘടിപ്പിച്ചത്.

വീട്ടിൽ മനോഹരമായൊരു ഓർക്കിഡ് നഴ്സറി ഒരുക്കിയിട്ടുണ്ട് സാബു. കാപ്പിത്തടിയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഓർക്കിഡുകൾ വളർത്തുന്നത്.

ഒാരോ ഇനത്തിനും വ്യത്യസ്ത നിറമുള്ള പൂക്കളും വ്യത്യസ്ത വലുപ്പവും സ്വഭാവുമാണ്. ഒറ്റയ്ക്ക് വളരുന്നവയും കൂട്ടമായി വളരുന്നവയും ജലം കുറച്ച് മാത്രം വേണ്ടവയും ഇക്കൂട്ടത്തിലുണ്ട്. ഒരു മാസം കൊണ്ട് പൂക്കൾ കൊഴിയുന്നവയും മാസങ്ങൾ പൂക്കൾ നിറം മങ്ങാതെ നിലനിൽക്കുന്നവയും വന്യ ഇനങ്ങളിലുണ്ട്.
യൂണിയ എന്ന ഓർക്കിഡ് നേഴ്സറിയും ഓർക്കിഡുകളെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തുന്നുണ്ട്. ഓർക്കിഡുകളിൽ ടിഷ്യൂകൾച്ചർ രീതി പരീക്ഷിക്കുകയാണിപ്പോൾ.