
കോഴിക്കോട്: കടകൾ തുറന്നതിനെ ചൊല്ലി അരീക്കാട് ടൗണിൽ സംഘർഷം. വ്യാപാരികളുടെയും സമരക്കാരുടെയും പ്രകടനങ്ങൾ മുഖാമുഖമെത്തിയത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിന്റെ ആഹ്വാനത്തെ തുടർന്ന് പൊതുപണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ അരീക്കാട് ടൗണിൽ കടകൾ തുറന്നിരുന്നു. സമരക്കാർ കടകൾ അടപ്പിക്കാൻ മുതിർന്നത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ രണ്ട് വ്യാപാരികൾക്ക് മർദ്ദനമേറ്റു.
അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ടൗണിൽ പ്രകടനവുമായി ഇറങ്ങി. അതേ സമയത്ത് തന്നെ സമരക്കാരും പ്രകടനം നടത്തുകയായിരുന്നു. ഇരു കൂട്ടരും അടുത്തെത്തിയതോടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർന്നതിന് പിറകെയുണ്ടായ ഉന്തും തള്ളും സംഘർഷത്തിലേക്ക് നീങ്ങുകയാണുണ്ടായത്. ഏതാനും ചിലർക്ക് സാരമല്ലാത്ത പരിക്കേറ്റു. ഫറോക്ക് അസി. കമ്മിഷണർ എം.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സമയോചിതമായി ഇടപെട്ട് കൂടുതൽ അനിഷ്ടസംഭവങ്ങളൊഴിവാക്കുകയായിരുന്നു. പിന്നീട് ഇരുവിഭാഗക്കാരുമായി അസി. കമ്മിഷണർ സംസാരിച്ചതോടെ ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ കടകൾ തുറക്കാമെന്ന ധാരണയിലെത്തി.
രാമനാട്ടുകര, നാദാപുരം എന്നിവിടങ്ങളിലും കട തുറക്കുന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു.