സുൽത്താൻ ബത്തേരി: വിവിധ തൊഴിലാളി സംഘടനകൾ നടത്തിവന്ന 48 മണിക്കൂർ പണി മുടക്കിന്റെ രണ്ടാം ദിവസവും വയനാട്ടിൽ പൂർണം. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ച് ഹൈക്കോടതി ഉത്തരവുണ്ടായതിനു പിന്നാലെ ഡയസ്‌നോൺ ബാധകമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും അതൊന്നും ചെവികൊള്ളാതെ ജീവനക്കാർ പണിമുടക്കിൽ പങ്കാളികളായി.
കളക്‌ട്രേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ നാമമാത്രമായ ജീവനക്കാരാണ് ഇന്നലെ ജോലിക്കെത്തിയത്. കളക്‌ട്രേറ്റിലെ 160 ജീവനക്കാരിൽ ആകെ ഹാജരായത് 21 പേർ
സബ്ബ് കളക്ടറുടെ ഓഫീസിലെ 27 പേരിൽ ഹാജരായത് 9 പേർ മാത്രം. ബത്തേരി താലൂക്ക് ഓഫീസിലെ 161 ജീവനക്കാരിൽ 10 പേർ മാത്രമാണ് ജോലിക്കെത്തിയത്. മറ്റ് സബ് ഓഫീസുകൾ ഒന്നും തുറന്നില്ല.
വൈത്തിരി താലൂക്ക് ഓഫീസിലെ 141 ജീവനക്കാരിൽ 22 പേർ ഹാജരായി. ഇവിടെയും മറ്റ് ഓഫീസുകളൊന്നും തുറന്നില്ല. മാനന്തവാടി താലൂക്ക് ഓഫീസിലെ 144 പേരിൽ ജോലിക്കെത്തിയത് 12 പേർ.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് ഓഫീസികളിലെത്തുന്നതിന് കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോവിൽ നിന്ന് കാലത്തും വൈകുന്നേരവും മാനന്തവാടിക്കും കൽപ്പറ്റയ്ക്കും ഓരോ സർവ്വീസ് നടത്തിയിരുന്നു.
വള്ളിയൂർകാവ് ഉൽസവം പ്രമാണിച്ച് മാനന്തവാടി താലൂക്കിനെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നതിനാൽ താലൂക്കിൽ പ്രാദേശിക സർവ്വീസുകൾ നടത്തി. മറ്റ് സ്ഥലങ്ങളിൽ ചുരുക്കം ചില സ്വകാര്യ വാഹനങ്ങളല്ലാതെ ഓട്ടോ -ടാക്സികളൊന്നും നിരത്തിലിറങ്ങിയില്ല.
കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായിഏകോപന സമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും കടകൾ തുറക്കാൻ ആരും തയ്യാറായില്ല. കടകളെല്ലാം അടഞ്ഞുതന്നെ കിടന്നു. ചിലർ കട തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും പണിമുടക്ക് അനുകൂലികളെ ഭയന്ന് പിൻവാങ്ങി.
അതേസമയം ഗ്രാമപ്രദേശങ്ങളിൽ കടകൾ തുറന്നിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്നലെയും വാഹനങ്ങൾ തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു.
പണിമുടക്കിലും ശുചീകരണം മുടക്കിയില്ല
സുൽത്താൻ ബത്തേരി: ഗ്രീൻ സിറ്റി, ക്ലീൻ സിറ്റി, ഫ്ളവർ സിറ്റി എന്നറിയപ്പെടുന്ന സുൽത്താൻ ബത്തേരി പട്ടണത്തിൽ തൊഴിലാളികൾ പണിമുടക്കിലാണെങ്കിലും ശുചീകരണത്തിന് മുടക്കം വരുത്തിയില്ല. സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള പട്ടണമായ ബത്തേരിയെ വൃത്തിയുടെ സുൽത്താനായി അറിയാൻ ആഗ്രഹിക്കുന്നുവെന്നതിനാലാണ് പണിമുടക്കിലാണെങ്കിലും തൊഴിലാളികൾ ശുചീകരണത്തിനിറങ്ങിയത്.
നഗരസഭ ചെയർമാന്റെ നിർദേശത്തെ തുടർന്നാണ് പണിമുടക്കിലായിട്ടും തൊഴിലാളികൾ ശുചീകരണത്തിനിറങ്ങിയത്. ആറ് തൊഴിലാളികൾ പുലർച്ചെ തന്നെ പട്ടണത്തിലെത്തി മാലിന്യങ്ങൾ നീക്കി. മുമ്പും പൊതുപണിമുടക്ക് ദിനത്തിൽ തൊഴിലാളികൾ പട്ടണം ശുചീകരിച്ചിരുന്നു.