fire

യുവതി താഴത്തെ നിലയിലായിരുന്നതിനാൽ രക്ഷപെട്ടു  വിവാഹം നടക്കാനിരുന്നത് തിങ്കളാഴ്ച

കോഴിക്കോട്: അടുത്ത തിങ്കളാഴ്ച വിവാഹം നടക്കാനിരുന്ന യുവതിയുടെ വീട്ടിൽ കടന്നുകയറി രണ്ടാംനിലയിലെ മുറിക്ക് തീയിട്ടശേഷം ദേഹത്ത് പെട്രോളൊഴിച്ച് യുവാവ് ജീവനൊടുക്കി. നാദാപുരം വളയം ജാതിയേരി കല്ലുമ്മലിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ജാതിയേരി പൊൻപറ്റ രത്‌‌നേഷ് (42) ആണ് മരിച്ചത്. ഇയാളെ തടയാൻ ശ്രമിച്ച നവവധുവിനും സഹോദരനും സഹോദരഭാര്യയ്ക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

യുവതി വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നാണ് ഇയാൾ കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇരുവരും മുമ്പ് പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. യുവതിയെ കൊലപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയതെന്ന് സൂചനയുണ്ട്. സാധാരണ യുവതി കിടക്കുന്നത് രണ്ടാംനിലയിലെ മുറിയിലാണ്. അതാണ് ആ മുറി ലക്ഷ്യമിട്ട് എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ യുവതി കിടന്നത് താഴത്തെ നിലയിലെ മുറിയിലാണ്.

രത്‌‌നേഷിന്റെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലെയാണ് യുവതിയുടെ വീട്. അർദ്ധരാത്രി കുപ്പിയിൽ പെട്രോളുമായി എത്തിയ രത്നേഷ് വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പുഗോവണി എടുത്താണ് രണ്ടാംനിലയിലെ മുറിയിലെത്തിയത്. കൈയിൽ കരുതിയിരുന്ന കൊടുവാൾകൊണ്ട് വാതിൽ തകർത്ത് ഉള്ളിൽ കയറി പെട്രോളൊഴിച്ച് മുറിയ്ക്ക് തീവയ്ക്കുകയായിരുന്നു. തുടർന്ന് ടെറസിലൂടെ പുറത്തേക്ക് ചാടി ഗേറ്റിനടുത്തെത്തി കുപ്പിയിൽ ശേഷിച്ചിരുന്ന കുറച്ച് പെട്രോൾ കുടിച്ചു. ബാക്കി ദേഹത്തൊഴിച്ച് തീ കൊളുത്തി.

ശബ്ദംകേട്ട് പുറത്തിറങ്ങിയ യുവതിക്കും സഹോദരനും ഉൾപ്പെടെ ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും രത്‌നേഷ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മുറിയിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ കത്തിനശിച്ചു.

വീട്ടുകാരും നിരസിച്ചു

യുവതിയെ വിവാഹം കഴിക്കണമെന്ന അഭ്യർത്ഥനയുമായി രത്‌നേഷ് യുവതിയുടെ വീട്ടുകാരുമായും സംസാരിച്ചെങ്കിലും നിരസിച്ചിരുന്നു. അതിനിടെ കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ജനുവരിയിൽ നടന്നു. ഏപ്രിൽ നാലിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. രത്‌‌നേഷ് അവിവാഹിതനാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഫോറൻസിക് വിദഗ്ദ്ധരടക്കം വീട്ടിലെത്തി പരിശോധന നടത്തി.